കാട്ടാനയോടൊപ്പം സെല്‍ഫിയെടുത്ത് ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചു; പിന്നെ സംഭവിച്ചത്

യാത്രകളെന്നാല്‍ ഏറെ ആസ്വദിക്കേണ്ടവയാണ്. എന്നാല്‍ ഇന്ന് പലരും ബഹളങ്ങള്‍ കൂട്ടാനും, സെല്‍ഫിയെടുക്കാനും മാത്രമുള്ളവയായാണ് യാത്രകളെ കാണുന്നത്. ഇത് പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിനോദ സഞ്ചാരികളെ ആന ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

റഷ്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സെര്‍ജ്ജൈ സാവിയാണ് ഭയാനകമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭാര്യയോടൊപ്പം ലങ്കയിലെത്തിയ സാവി യാല നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരിക്കുന്നതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സാവി സഞ്ചരിച്ച വാഹനത്തിന്റെ തൊട്ടു പുറകിലായിജീപ്പിലുണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശികളായ സഞ്ചാരികളെയാണ് കാട്ടാന ആക്രമിച്ചത്.

പാര്‍ക്കിനുള്ളില്‍ അധികൃതരുടെ വാഹനത്തില്‍ സഫാരി റൈഡ് നടത്തവെയാണ് സംഭവം. ദൂരെ നിന്നും കാട്ടാനയെ കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും സഞ്ചാരികള്‍ തടഞ്ഞു. കാട്ടാനയുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാനായിരുന്നു ഇത്. എന്നാല്‍ യാത്രക്കാരുടെ ബഹളം കണ്ട് ക്രുദ്ധനായ ആന പെട്ടെന്ന് ജീപ്പിനടുത്തേക്ക് പാഞ്ഞെത്തി. അതോടെ ഡ്രൈവര്‍ക്ക് വാഹനം മുന്നോട്ടെടുക്കാനും കഴിഞ്ഞില്ല. ഇതിനിടെ ജീപ്പിനകത്തേക്ക് ആന തുമ്പിക്കൈ കടത്തി. ഭക്ഷണം എടുക്കുകയായിരുന്നു ആനയുടെ ലക്ഷ്യം. അതോടെ സഞ്ചാരികള്‍ അലറി വിളിച്ചു. ചിലര്‍ എതിര്‍ വശത്ത് കൂടി ഇറങ്ങിയോടാനും ശ്രമിച്ചു.

എന്നാല്‍ ഭക്ഷണം കണ്ടെത്താത്തിനെ തുടര്‍ന്ന് ആന മടങ്ങുകയായിരുന്നു. വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഈ യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും സഞ്ചാരലോകത്തും വൈറലാകുകയാണ് ഈ ദൃശ്യങ്ങള്‍.