അമേരിക്കന്‍ ഡോളറിന്റെ അപ്രമാധിത്യം തകര്‍ക്കാന്‍ പദ്ധതിയുമായി ചൈന

ആഗോളതലത്തില്‍ ഉള്ള അമേരിക്കന്‍ ഡോളറിന്റെ അപ്രമാധിത്യം തകര്‍ക്കാന്‍ പദ്ധതിയുമായി ചൈന. ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ ആണ് ചൈന നല്‍കുന്നത്. സ്വന്തം കറന്‍സിയെ ആഗോള കറന്‍സിയാക്കി മാറ്റാനാണ് ചൈന ശ്രമിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണ് ക്രൂഡ് ഓയില്‍. 14 ലക്ഷം കോടി ഡോളറിന്റെ ക്രൂഡ് ഓയില്‍ കച്ചവടമാണ് വര്‍ഷാവര്‍ഷം ലോകത്ത് മുഴുവനും നടക്കുന്നത്. ഇത് ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് തുല്യമായി കണക്കാക്കാം. നിലവിലെ അവസ്ഥ കണക്കിലെടുത്താല്‍ ഡോളറില്‍ നിന്ന് സ്വന്തം കറന്‍സിയിലേക്ക് ക്രൂഡ് ഓയില്‍ കൈമാറ്റം മാറ്റുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം അല്‍പം പ്രയാസമേറികാര്യമാണ്. ഡോളറിന് തുല്യമായ പണമാണ് ഇതിനായി ചൈനയ്ക്ക് വിദേശത്തേക്ക് നല്‍കേണ്ടതായി വരിക. എന്നിരുന്നാലും 2018 പകുതിയോടെ ഡോളറില്‍ നിന്ന് യുവാനിലേക്കുള്ള മാറ്റം നടപ്പിലാക്കുമെന്നാണ് വിവരം.