അധികാരത്തിന്റെയും അംഗീകാരത്തിന്റെയും അപ്പക്കഷ്ണങ്ങളുടെ നടുവില്‍ ഒരു ദുഃഖവെള്ളി കൂടി: ‘പിതാവേ ഇവരോടു ക്ഷമിക്കണമേ’
വര്‍ഷാനുവര്‍ഷം, ഒരു വസന്തകാല ദിനത്തില്‍, ഓര്‍മ്മകളുടെ ചിറകില്‍ പറന്നുയര്‍ന്ന്, വിശ്വാസികളുടെ മനസ്സുകള്‍ ഗാഗുല്‍തായിലെത്തും. മുള്‍കിരീടമണിഞ്ഞു, ക്രൂശിലേറ്റപ്പെട്ടു, നിശബ്ദമൂകതയില്‍, പ്രാണന്റെ തൃഷ്ണയാല്‍ ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് നോക്കുന്ന പാവം നസ്രത്തുകാരനെ അവര്‍ കാണും.
ഒരു ഋതുചര്യപോലെ വിശ്വാസികള്‍ നിശബ്ദരായി നിസ്സംഗത മുഖത്തണിഞ് സഹതാപം നിറഞ്ഞ കണ്ണുകളോടെ യേശുവിനെ നോക്കിനില്‍ക്കും. ആവര്‍ത്തന വിരസത മറന്ന് അപൂര്‍വ്വം ചിലര്‍ അവനെയോര്‍ത്തു നെഞ്ചത്തടിച്ചു കരയും. എല്ലാവരാലും പരിത്യക്തനായ ആ പാവത്തെയോര്‍ത്തു പരിതപിക്കാനും, പതിവുപോലെ അതിനു കാരണക്കാരായവരെ പരിഹസിക്കാനും ഇവര്‍ മറക്കില്ല. അനുഷ്ഠാന ബന്ധിതരായ മനുഷ്യര്‍ ഈ ദിനത്തെ ദുഃഖവെള്ളി എന്നു വിളിച്ചു.
അപരാഹ്നത്തില്‍ പകലിന്റെ അരങ്ങിനു അന്ത്യം കുറിച്ചുകൊണ്ട് ഇരുളിന്റെ തിരശീല ഞൊറിതാഴ്ത്തുമ്പോള്‍ നിന്റെ മുറിവുകളിലെ വേദനയും നിന്റെ അപമാനവും നെഞ്ചിലെറ്റിയതിന്റെ ആലസ്യത്തില്‍ ലയിച്ച വിശ്വാസികളുടെ മനസ്സ് പതിവുപോലെ മറവിയുടെ മൂടുപടമണിഞ്ഞു താന്താങ്ങളിലെ ചിന്തയുടെ മാളങ്ങളിലേക്ക് സാവധാനം വഴുതി വീഴും. ജന്മാന്തരങ്ങളിലേയ്ക്കു നീളുന്ന ജീവിത നാടകത്തിലെ ഒരു ഹ്രസ്വ രംഗം മാത്രമായി ഓരോ ദുഖവെള്ളിയാഴ്ചയും മാഞ്ഞു മറയും.
സത്യം, നീതി, ധര്‍മ്മം, ക്ഷമ എന്നീ മൂല്യങ്ങളെപറ്റി ഭൂമുഖത്തത് ഏറ്റവും കൂടുതല്‍ പ്രസംഗിക്കപ്പെടുന്ന ദിനം ഇന്നാണ്. നിന്നെപ്രതി അയല്‍ക്കാരനോടുള്ള എല്ലാ പ്രതികാരദാഹങ്ങള്‍ക്കും മനുഷ്യര്‍ ഇന്ന് അവധികൊടുത്തേക്കാം. അധികാരത്തിന്റെയും അംഗീകാരത്തിന്റെയും അപ്പക്കഷ്ണങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ തളരുന്ന കാലുകള്‍ക്കു അല്‍പ്പം വിശ്രമം കിട്ടുന്നതും ഇന്ന് മാത്രമാണ്.
കരുണയെക്കാള്‍ ബലിയെ ഇഷ്ടപ്പെടുകയും അനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ് മാനവജീവിതമെന്നു പഠിപ്പിക്കകുയും മനുഷ്യത്വത്തെ ചവിട്ടിമെതിക്കുകയും ചെയ്യുന്നവര്‍ ഇന്ന് കാരുണ്യത്തെക്കുറിച്ചും പ്രസംഗിക്കും. തെരുവുകളിലെ പൊട്ടിച്ചിരികള്‍ക്കും നൃത്തശാലകളിലെ അട്ടഹാസങ്ങള്‍ക്കും തെല്ലുശമനം ഇന്ന് ലഭിച്ചേക്കും. ദേവാലയമുറ്റത്തും ഇരുണ്ട ഇടനാഴികളിലും പതിവായി കേള്‍ക്കാറുള്ള പരദൂഷണം ഇന്ന് പതിഞ്ഞ ശബ്ദത്തിലായിരിക്കും. ജീവിതത്തെ വിസ്മയമായി മാത്രം കാണുന്ന യുവതീയുവാക്കന്മാരുടെ മധുരമായ ആലോചനകള്‍ക്ക് ഇന്ന് അവര്‍ അല്‍പ്പനേരം അവധികൊടുക്കും. ഇന്നിന്റെ വൈരുദ്ധ്യങ്ങളോടും വൈവിദ്ധ്യങ്ങളോടും വിടചൊല്ലി നല്ല നാളെയെ വരവേല്ക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യര്‍ നിന്റെ സഹനത്തിന്റെ സ്മരണകള്‍ കോര്‍ത്തിണക്കി ഒരു ദുഃഖ സങ്കീര്‍ത്തനത്തിന്റെ ഈരടികള്‍ ഒരു വിഭാവഗാനമാക്കി മാറ്റാന്‍ ഇന്നും ആഗ്രഹിക്കുന്നു.
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ദിനമാണ് ദുഃഖവെള്ളി. മാനവന്റെ രണ്ടു മാനങ്ങളും – ദൈവിക, മാനുഷിക മാനങ്ങളിലും യേശു തെറ്റിദ്ധരിക്കപ്പെടുകയും കുറ്റക്കാരനായി വിധിക്കപ്പെടുകയും ചെയ്തു. ദൈവത്തെക്കാള്‍ കൂടുതല്‍ ദൈവികത തങ്ങള്‍ക്കു സ്വന്തമാണെന്നു കരുതിയ അന്നാസും കൈയാഫാസും ദൈവനാമത്തില്‍ അവനെ കുറ്റം വിധിച്ചു. ശില്‍പ്പം ശില്‍പ്പിക്കെതിരെ വിരല്‍ ചൂണ്ടിയ ആദ്യത്തേതും അവസാനത്തേതുമായ സംഭവം. സ്വന്തം സത്തയുടെ ആധാരമായ ആണിക്കല്ല് അവര്‍ സ്വയം ഇളക്കി മാറ്റി. സ്വന്തം സ്വാര്‍ത്ഥതയുടെ ബിംബങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആത്യന്തിക സത്തയെ അവര്‍ ബലിയാടാക്കി.
യേശു അംഗമായിരുന്ന മതത്തില്‍ ദൈവിക മൂല്യങ്ങള്‍ അപ്രത്യക്ഷമായതുകൊണ്ട് അവന്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചു. ദുരൂഹ സമസ്യകള്‍ നിറഞ്ഞ മതമൂല്യങ്ങള്‍ ഒരിക്കലും ദൈവോന്മുഖമല്ലെന്ന് അവന്‍ പഠിപ്പിച്ചു. വികലവും വികടവുമായ വ്യവസ്ഥകളും അനുഷ്ഠാനങ്ങളും ദൈവത്തിനും മനുഷ്യനും വേണ്ടിയുള്ളതല്ല, പ്രഖ്യാപിതമായ വ്യവസ്ഥകള്‍ക്കും അതിനെ താങ്ങി നിര്‍ത്തുന്ന പഴകിദ്രവിച്ച പാരമ്പര്യങ്ങളും ചിതല്‍പ്പുറ്റര്‍ന്ന വേലിക്കെട്ടുകളും മതാനുയായികള്‍ക്കു മാത്രമുള്ളതാണെന്ന് അവന്‍ തന്റെ അനുയായികളോട് സധൈര്യം പറഞ്ഞു. നിര്‍ജീവങ്ങളായ വ്യവസ്ഥകളും നിരര്‍ത്ഥകമായ നിയമക്കുരുക്കുകളും നിലനിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ദൈവചിന്തപോലും മതങ്ങളില്‍ നിന്നും മാഞ്ഞുമറഞ്ഞു. ഈശ്വര ചിന്തപോലും മതത്തില്‍ ഇന്ന് വ്യവസ്ഥാപിതവും വ്യര്‍ത്ഥവുമായ വ്യഗ്രതയായി മാറി കഴിഞ്ഞു. ഹൃദയ പരിവര്‍ത്തനത്തിനു ആത്മസമര്‍പ്പണത്തിനും പകരം ആടുമാടുകളെയും അരിപ്രാവുകളെയും ബലികഴിച്ച് പാപപ്പൊറുതിയും ദൈവകടാക്ഷവും നേടാമെന്നു കരുതിയവര്‍ ദൈവത്തിന്റെ കുഞ്ഞാടിനെ ബലി കൊടുത്തു. ജീവിച്ചിരിക്കുന്ന പ്രവാചകന്മാരെ അനാദരിക്കാനും കല്ലെറിയാനും വെമ്പല്‍കൊള്ളുന്ന മനുഷ്യര്‍ മരിച്ചുപോയ സാധാരണക്കാരെപ്പോലും പ്രവാചകന്മാരാക്കാനും ആദരിക്കാനും എന്നും ഇഷ്ടപ്പെടുന്നു.
കാലകാര്‍മേഘം മനുഷ്യന്റെ അന്തരാത്മാവില്‍ ഇരുള്‍ പരത്തിയ നാഴികകളായിരുന്നു അത്. സത്യവും ധര്‍മ്മവും നിയമവും നീതിയും പൂര്‍ത്തീകരിക്കാന്‍ ജന്മമെടുത്തവനെ നിയമലംഘകനായി ചിത്രീകരിച്ച് നീതി നിഷേധിച്ച് മരണത്തിനു അവര്‍ വിധിച്ചു. യേശു നിരപരാധിയെന്ന് ജനമധ്യത്തില്‍ പ്രഖ്യാപിച്ച പീലാത്തോസ് അതേ ജനത്തിന് മുന്‍പില്‍ വച്ച് അല്‍പ സമയത്തിനുള്ളില്‍ മരണത്തിനു വിധിച്ചു. ചരിത്രത്തില്‍ അധാര്‍മ്മികതയുടെ ഭരണഘടന ഒപ്പുവയ്ക്കപ്പെട്ട നിമിഷമായിരുന്നു അത്. അസത്യത്തിനു ചരിത്ര സാധുത ലഭിച്ചതും ഇതേ നിമിഷത്തില്‍ തന്നെ. ‘ഈ മനുഷ്യനില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ലെങ്കിലും ഇയാളെ ഞാന്‍ ശിക്ഷിക്കുന്നു’ എന്ന പീലാത്തോസിന്റെ വാചകം അസത്യ വേദാന്തത്തിന്റെ ആമുഖവാക്യമാണ്.
ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചുകിടന്നിരുന്ന ശക്തരായ റോമാ സാമ്രാജ്യത്തിന്റെ അധിപന്മാര്‍പോലും നിസ്സാരനും നാമമാത്രമായ അനുയായികളുമുള്ള ആ നസ്രത്തുകാരനെ മരണശേഷവും ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് അവര്‍ അവന്റെ ശവകുടീരത്തിന് കാവല്‍ ഏര്‍പ്പെടുത്തിയത്. സത്യവും നീതിയും ധര്‍മ്മവും കൈമുതലുള്ള നിസ്സാരരായ മനുഷ്യരെപ്പോലും എന്നും ഏതു സിംഹാസനങ്ങളും ഭരണകൂടങ്ങളും ഭയപ്പെട്ടിരുന്നു.
അസ്തിത്വത്തിന്റെ അവകാശമായി കിട്ടിയ അപചയവും അപമാനവും ആത്മനൊമ്പരങ്ങളും നീയും അനുഭവിച്ചു എന്ന് കരുതി നിന്നോട് സഹതപിക്കുന്നവരോട്; നിനക്കായി ഈ ഒരുദിനം മാത്രം നീക്കിവയ്ക്കുകയും ബാക്കി ദിനങ്ങളെല്ലാം നിന്നെ ക്രൂശിക്കുകയും ചെയ്യുന്നവരോട്; ദൈവശാപത്തിന്റെ പിതൃലാഭം പങ്കുവയ്ക്കാന്‍ നിനക്കുവേണ്ടി ആയോധനം നടത്തുന്നവരോട്; നീ പരാജയപ്പെടുത്തിയതിനോടെല്ലാം ലജ്ജാകരമായി സഖ്യം ഉണ്ടാക്കുന്നവരോട്; ഹൃദയ ചാഞ്ചല്യവും ഭയവും ഉത്ക്കണ്ഠയും നിനക്കും ഉണ്ടായിരുന്നു എന്ന് കരുതി കണ്ണീരും പൊട്ടിക്കരച്ചിലുകളും കൊണ്ട് നിന്നെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്; ശിക്ഷിക്കുന്ന ദൈവത്തെ ഹൃദയത്തിലേറ്റി തങ്ങളുടെ വിലാപങ്ങളെല്ലാം പ്രാര്‍ത്ഥനയാക്കുന്നവരോട്; സമഗ്രവും സമൂലവുമായ ഹൃദയ പരിവര്‍ത്തനത്തിനു പകരം നിയതവും നൈമികവുമായ ബന്ധനഉടമ്പടികള്‍ ഉണ്ടാക്കി നിന്നോട് ഒന്നുചേരാന്‍ ശ്രമിക്കുന്നവരോട്; ഇവര്‍ക്കെല്ലാം നീ മാപ്പു കൊടുക്കുക.
ആന്റണി പുത്തന്‍പുരക്കല്‍, വിയന്ന