മോദിയുടെ ഭരണം കാരണം നാട്ടില്‍ സര്‍വത്ര ചോര്‍ച്ച എന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : മോദിയുടെ ഭരണം കാരണം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ചോര്‍ച്ച തുടര്‍ക്കഥയായി എന്ന് രാഹുല്‍ഗാന്ധി. ആധാര്‍ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് തീയതി, സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. കാവല്‍ക്കാരന്‍ ദുര്‍ബലനായതാണ് സര്‍വതിലും ചോര്‍ച്ചയുണ്ടാവാന്‍ കാരണമെന്നും രാഹുല്‍ പറയുന്നു. ‘എന്തൊക്കെ ചോര്‍ച്ചകളാണ്? ഡാറ്റ ലീക്ക്, ആധാര്‍ ലീക്ക്, എസ്എസ്‌സി പരീക്ഷാ ലീക്ക്, തിരഞ്ഞെടുപ്പ് വിവരങ്ങളുടെ ലീക്ക്, സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ലീക്ക്! എല്ലാറ്റിലും ലീക്ക് തന്നെയാണ്. കാവല്‍ക്കാരന്‍ വളരെ വീക്ക് ആണ്’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ബിജെപി ഐടി ഘടകം അധ്യക്ഷന്‍ അമിത് മാളവ്യ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. അതുപോലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.