റോഡ് മുറിച്ചു കടക്കുന്നതിനിടെ ഫോണില്‍ ശ്രദ്ധിച്ച അമ്മയുടെ മുന്നില്‍ വച്ച് മകനെ വാഹനം ഇടിച്ച് തെറിപ്പിച്ചു-വീഡിയോ

തിരക്കേറിയ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഫോണില്‍ സംസാരിക്കാന്‍ പോയ അമ്മയുടെ കണ്മുന്നില്‍ വച്ച് മകനെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. രണ്ടു മക്കളുമായി റോഡ് മുറിച്ച് കടക്കവെ മക്കളെ ശ്രദ്ധിക്കാതെ അമ്മ മൊബൈല്‍ ഫോണില്‍ നോക്കി വരികയായിരുന്നു. ഫോണില്‍ തിരക്കിലായ അമ്മയുടെ കണ്ണ് വെട്ടിച്ചാണ് കുട്ടി റോഡ് മുറിച്ച് കടക്കുന്നത്. ഇവരുടെ മറ്റൊരു പുത്രന്‍ റോഡ് പകുതി വരെ എത്തി അമ്മയെ കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

വാഹനം വരുന്നത് കാണാതെ റോഡിലേക്ക് എടുത്തു ചാടിയ കുട്ടിയെ പാഞ്ഞു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണെങ്കിലും കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തുള്ള സിസിടിവിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ അമ്മയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ട ശ്രദ്ധ പോലും ഇവര്‍ കാണിച്ചില്ലെന്ന് ചിലര്‍ പ്രതികരിക്കുന്നു. ചീറി പാഞ്ഞെത്തി കുട്ടിയെ ഇടിച്ച വാഹനത്തിലെ ഡ്രൈവറേക്കാള്‍ അപകടത്തിന്റെ ഉത്തരവാദിത്തം അമ്മയ്ക്കാണെന്നും ചിലര്‍ പറയുന്നു.