ജാതിയും മതവും ഇല്ലാത്ത കുട്ടികള്‍ ; സര്‍ക്കാര്‍ കണക്ക് തെറ്റ് ; എല്ലാവര്‍ക്കും ജാതിയും മതവും ഉണ്ട് എന്ന തെളിവുമായി സ്കൂളുകള്‍

സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്ന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ച കണക്കുകളും യഥാര്‍ഥ കണക്കുകളും വലിയ അന്തരമുണ്ടെന്നാണ് വിവിധ സ്‌കൂളുകള്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,24,147 വിദ്യാര്‍ത്ഥികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്നായിരുന്നു മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞത്. എംഎല്‍എ ഡികെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകള്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ കൈവശമുള്ള കണക്കും, സ്‌കൂളുകളിലും കണക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പകര്‍പ്പ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇടത് അനുഭാവികളായ നിരവധി പേരാണ് ഈ മറുപടിയുടെ പകര്‍പ്പ് ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലും ഷെയര്‍ ചെയ്തിരുന്നത്. മാറുന്ന കേരളത്തിന്റെ പ്രതീക്ഷയാണ് ഒന്നേകാല്‍ ലക്ഷം കുട്ടികളെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താത്ത സ്‌കൂളുകളുടെ പേരു വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മിക്കവര്‍ക്കും പന്തികേട് തോന്നി. ന്യൂനപക്ഷ പദവിയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളിലായിരുന്നു ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇങ്ങനെ ചേര്‍ന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

2017-18 അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 1,23,630 കുട്ടികളും, ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ കണക്കും സ്‌കൂളുകളിലെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് ഇപ്പോഴത്തെ പരാതി. എറണാകുളം കളമശേരി രാജഗിരി സ്‌കൂള്‍, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ ഹിദായ എന്നീ സ്‌കൂളുകളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ജാതിയും മതവും വ്യക്തമാക്കുന്ന കോളം പൂരിപ്പിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്നും, എല്ലാ കുട്ടികളുടെയും ജാതി, മത കോളങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.

തങ്ങളുടെ കണക്കില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ജാതി, മത കോളങ്ങള്‍ രേഖപ്പെടുത്തിയതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതാകാമെന്നുമാണ് ഇവര്‍ പറയുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമായ പ്രതികരണം നല്‍കിയിട്ടില്ല. എന്നാല്‍ ജാതി, മതം കോളം പൂരിപ്പിക്കല്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ ചില സ്‌കൂളുകള്‍ ഇതു വിട്ടുപോയതാകുമെന്ന് ഡിപിഐ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. മാധ്യമം ദിനപ്പത്രമാണ് ഡിപിഐയുടെ പ്രതികരണമടക്കം ഉള്‍പ്പെടുത്തി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ സ്‌കൂള്‍ പ്രവേശനത്തിന് ജാതിയും മതവും രേഖപ്പെടുത്തണന്ന് കര്‍ശന നിയമമില്ല. ഇക്കാരണത്താല്‍ പലരും സ്വഭാവികമായി ഈ കോളം പൂരിപ്പിക്കാന്‍ വിട്ടുപോയിട്ടുണ്ടാകാം.