രാമവിഗ്രഹം നിര്‍മ്മിക്കാന്‍ 330 കോടി നിക്ഷേപിക്കാന്‍ വ്യവസായികളോട് യോഗിയുടെ നിര്‍ദേശം

രാമവിഗ്രഹം നിര്‍മ്മിക്കാന്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റ് ഫണ്ട് നിക്ഷേപിക്കാന്‍ കോര്‍പറേറ്റ് കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയിലെ സരയു തീരത്താണ് 330 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന 100 മീറ്റര്‍ ഉയരമുള്ള രാമവിഗ്രഹം നിര്‍മിക്കാനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിമാന പദ്ധതിയാണ് ഇത്. എന്നാല്‍, യോഗിയുടെ നീക്കത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. സ്‌കൂളുകള്‍ക്കും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉപയോഗിച്ചിരുന്ന ഫണ്ട് ആണ് വക മാറ്റി ചിലവഴിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നാണ് അവര്‍ പറയുന്നത്.

താങ്കളുടെത് ഒരു വലിയ പാര്‍ട്ടിയല്ലേയെന്നും ഫണ്ട് കോര്‍പറേറ്റുകളോട് നേരിട്ട് ചോദിച്ചുകൂടെയെന്നും പ്രതിപക്ഷം ചോദിക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ അറിയിക്കുന്ന ബുക്ക്‌ലെറ്റ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ടൂറിസം വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിലാണ് യോഗിയുടെ ആവശ്യം.