സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അക്രമവും നാശവും ഉണ്ടാകും എന്ന് കാന്തപുരം മുസ്ലിയാര്‍
പൊതുരംഗത്ത് സ്ത്രീകള്‍ ഇറങ്ങിയാല്‍ നാട്ടില്‍ അക്രമവും നാശവും ഉണ്ടാകും എന്ന പ്രസ്താവനയുമായി കാന്തപുരം മുസ്ലിയാര്‍. സ്ത്രീകളെ പുരുഷന്‍മാരെപ്പോലെ രംഗത്തിറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരു പാട് കാരണങ്ങളുണ്ട്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാവും’. അത് അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിയാവുന്നവരാണ് പറയുന്നതെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
കോഴിക്കോട് ചെറുവാടിയില്‍ എപി വിഭാഗത്തിന്റെ അല്‍ബനാ സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കാന്തപുരം മുസ്ല്യാര്‍ വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ എപി വിഭാഗം അദ്ധ്യക്ഷനായ കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രസംഗം ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളത്.
ഇതാദ്യമായല്ല കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത്. മൂന്ന് വര്‍ഷം മുന്‍പ് 2015ല്‍ കോഴിക്കോട് നടന്ന എസ്എസ്എഫിന്റെ ക്യാമ്പസ് കോണ്‍ഫറന്‍സിലും അദ്ദേഹം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. കാന്തപുരം അന്ന് നടത്തിയ പ്രസംഗം പിന്നീട് വലിയരീതിയില്‍ കേരള സമൂഹത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു. എന്നാല്‍ കാന്തപുരത്തിന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നായിരുന്നു എപി വിഭാഗത്തിന്റെ ആരോപണം.