സ്വന്തമായി കുതിരയെ വാങ്ങിയതിന് ദളിത്‌ യുവാവിനെ മേല്‍ ജാതിക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

സ്വന്തമായി ഒരു കുതിരയെ വാങ്ങി അതിന്റെ പുറത്തു യാത്ര ചെയ്തു എന്ന കുറ്റത്തിന് ദളിത്‌ യുവാവിനെ മേല്‍ ജാതിക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ തിംബി ഗ്രാമത്തിലെ പ്രദീപ് റാത്തോഡ് (21) എന്ന യുവാവിനെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അടുത്തിടെയാണ് പ്രദീപ് ഒരു കുതിരയെ വാങ്ങിയത്. പ്രദേശത്തെ ഉയര്‍ന്ന ജാതിക്കാരായ രജ്പുത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ക്ക് ഇത് ഇഷ്ടമായില്ല. കുതിരയെ ഉടന്‍ വില്‍ക്കണമെന്നും അല്ലെങ്കില്‍ പ്രദീപിനെ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം കൃഷിയിടത്തില്‍നിന്ന് തന്റെ കുതിരപ്പുറത്ത് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രദീപിനെ രജ്പുത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.