മലയാള സിനിമയിലും വംശീയ വെറി; അര്‍ഹിച്ച പണം നല്‍കാതെ നിര്‍മ്മാതാവ് പറ്റിച്ചെന്ന വെളിപ്പെടുത്തലുമായി ‘സുഡാനി’

കൊച്ചി: മലയാളി മനസ്സ് കീഴടക്കി തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തിലെ നായകതുല്യ കഥാപാത്രം ചെയ്ത ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്.

മലയാള സിനിമയിലും വംശീയ വെറി നിലനില്‍ക്കുന്നുവെന്നും തനിക്ക് അതിന്റെ ഇരയാവേണ്ടി വന്നുവെന്നും സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.ചിത്രത്തിന്റെ വിജയാഘോഷങ്ങളിലടക്കം പങ്കെടുത്തശേഷം നാട്ടില്‍ തിരികെയെത്തിയതിനു ശേഷമാണ് സാമുവല്‍ ആരോപണങ്ങളുമായി രംഗത്തു വന്നത്.

കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്കു സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നിര്‍മാതാക്കള്‍ തന്നതെന്നു സാമുവല്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിക്കുന്നു. തന്നെക്കാള്‍ താരമൂല്യം കുറഞ്ഞ അഭിനേതാക്കള്‍ക്ക് വരെ ഉയര്‍ന്ന വേതനം നല്‍കിയപ്പോള്‍ തനിക്ക് ലഭിച്ചത് വളരെ കുറച്ച് പ്രതിഫലം മാത്രമാണെന്നും സാമുവല്‍ തുറന്നടിച്ചു.

അടുത്ത തലമുറയിലെ കറുത്ത വര്‍ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ കുറിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ വളരെ കഴിവുറ്റ സംവിധായകനാണെന്നും തന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചെന്നും സാമുവല്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ സിനിമ സാമ്പത്തീക വിജയം നേടുമ്പോള്‍ ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് തന്നെ പറ്റിച്ചുവെന്നും സാമുവല്‍ പറയുന്നു.