ആ സിനിമ പരാജയമാകുവാന്‍ കാരണം ആസിഫ് അലിക്കും റിമാ കലിങ്കലിനും അഭിനയിക്കാന്‍ അറിയാത്തത്ത് എന്ന് സംവിധായകന്‍

സംവിധായകന്‍ നിഷാദ് ആണ് തന്റെ മുന്‍കാല ചിത്രമായ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിന്റെ പരാജയകാരണം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസിഫ് അലി, കൈലാഷ്, പ്രഭു, ഉര്‍വശി, അര്‍ച്ചന കവി, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും അതിഥി താരമായെത്തിയ ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. എന്നാല്‍ തിയറ്ററില്‍ അമ്പേ പരാജയമായി മാറിയ ചിത്രം ആസിഫ് അലി , റിമ എന്നിവരുടെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായിരുന്നു. പരീക്ഷണ ചിത്രമെന്ന നിലയില്‍ തുടക്കത്തില്‍ വാര്‍ത്തകളിലിടം നേടിയ സിനിമയായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്.

എന്നാല്‍ സംവിധായകനെന്ന നിലയില്‍ തനിക്ക് അതിലൊന്നും ചെയ്യാനില്ലായിരുന്നുവെന്നും നിഷാദ് വ്യക്തമാക്കുന്നു. മമ്മൂട്ടിയുടെ അതിഥി വേഷവും പ്രഭുവിന്‍രെയും ഉര്‍വശിയുടെയും കഥാപാത്രങ്ങളുമൊക്കെയായി വിജയിക്കാനുള്ള ചേരുവകള്‍ സിനിമയിലുണ്ടായിരുന്നു. എന്നാല്‍ അഭിനയിക്കാനറിയാത്ത പുതുമുഖങ്ങളാണ് പ്രധാന താരങ്ങളായി എത്തിയത്. ഇത് തന്നെയാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

അതൊരു ഫൂളറിയായിരുന്നു. താന്‍ ചെയ്ത അബദ്ധം കൂടിയാണ് ബെസ്റ്റ് ഓഫ് ലക്കെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അഭിനയിക്കാനറിയാത്ത താരങ്ങളാണ് ആ ചിത്രത്തിന്റെ കാലനായി മാറിയത്. ഉര്‍വശിയേയും പ്രഭുവിനേയും പോലുള്ള താരങ്ങളുടെ ടൈമിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പെടാപ്പെടുന്ന യുവതാരങ്ങളെയാണ് ആ സിനിമയില്‍ താന്‍ കണ്ടതെന്നും സംവിധായകന്‍ പറയുന്നു. അതിലെ യുവ താരങ്ങള്‍ അഭിനയിച്ചു പഠിച്ചതും ആ സിനിമയിലൂടെയായിരുന്നു എന്നും നിഷാദ് പറയുന്നു. കുഞ്ചാക്കോ ബോബനെയോ ജയസൂര്യയേയോ ഇന്ദ്രജിത്തിനെയോ പോലെ അഭിനയിക്കാനറിയാവുന്ന, ഹ്യൂമര്‍ കൈകാര്യം ചെയ്യാനറിയാവുന്ന താരങ്ങളാണ് അഭിനയിച്ചിരുന്നതെങ്കില്‍ അത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയേനെയെന്നും സംവിധായകന്‍ പറയുന്നു.

ആ സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട് താന്‍ ആരെയും കുറ്റപ്പെടുത്തിയില്ല. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സ്വയം സഹിക്കുകയായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഷെഡ്യൂള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഇത് ഫ്ളോപ്പാവുമെന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാക്കളോട് സംസാരിച്ചിരുന്നു. എന്നാല്‍ അതുമായി മുന്നോട്ട് പോവാനായിരുന്നു അവരുടെ നിര്‍ദേശം. അത് പ്രകാരമാണ് രണ്ടാം ഷെഡ്യൂളിനിടയില്‍ മമ്മൂട്ടിയെ നേരില്‍ കണ്ട് സിനിമയിലേക്ക് ക്ഷണിച്ചത്. അങ്ങനെയാണ് അദ്ദേഹം വന്ന് അഭിനയിച്ചത്.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സംസ്ഥാന അവാര്‍ഡ് നേടിയ കിണര്‍ ആണ് നിഷാദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.