സുഡാനിയെ പിന്തുണച്ച് ബല്‍റാം രംഗത്ത് ; അര്‍ഹിച്ച പ്രതിഫലം നല്‍കണം എന്ന് ആവശ്യം

തനിക്ക് അര്‍ഹിച്ച വേതനം നിര്‍മ്മാതാക്കള്‍ നല്‍കിയില്ല എന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സനെ പിന്തുണച്ച് കൊണ്ടു എം എല്‍ എ വി ടി ബല്‍റാം രംഗത്ത്. സാമുവല്‍ തന്റെ പ്രതിഫലത്തെ കുറിച്ച് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഗൗരവത്തോട് കാണേണ്ടതാണെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടു കഴിഞ്ഞ ഉടനേ ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ‘മനുഷ്യനന്മയില്‍ വിശ്വാസം തിരിച്ചു നല്‍കുന്ന സിനിമ’ എന്നായിരുന്നു. എന്നാല്‍ ആ സിനിമയുമായി ബന്ധപ്പെട്ട ഇപ്പോഴുള്ള വിവാദങ്ങള്‍ എന്നെ തിരുത്തുകയാണെന്ന് പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്’ എന്നാണു ബല്‍റാം പറയുന്നത്.

5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നല്‍കിയതെന്നത് തീര്‍ത്തും തുച്ഛമാണ്. ഈ തുക സാമുവല്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടതാണെന്നും അദ്ദേഹത്തിനത് ആദ്യമേ നിരസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നുമുള്ള പ്രൊഡക്ഷന്‍ കമ്പനിയുടെ ന്യായീകരണം വെറും സാങ്കേതികം മാത്രമാണ് എന്ന് പറയാതെ വയ്യ. വളരെ ചെലവ് കുറച്ച് എടുക്കുന്ന ഒരു ചിത്രം എന്ന നിലയിലാണ് കലയോടുള്ള അഭിനിവേശത്തിന്റെ പേരില്‍ താന്‍ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നും എന്നാല്‍ സാമാന്യം നല്ല ബജറ്റില്‍ വിദേശ മാര്‍ക്കറ്റ് അടക്കം ലക്ഷ്യം വച്ചുള്ള ഒരു സിനിമയാണിത് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് എന്നുമുള്ള സാമുവലിന്റെ വാദങ്ങള്‍ തള്ളിക്കളയുവാന്‍ സാധിക്കില്ല എന്നും എം എല്‍ എ പറയുന്നു.

സിനിമയില്‍ സ്‌ക്രീനില്‍ കാണിക്കുന്ന സ്‌നേഹം ജീവിതത്തിലും നിര്‍മ്മാതാക്കള്‍ കാണിക്കണം എന്ന് ബല്‍റാം പറയുന്നു. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് വമ്പന്‍ കളക്ഷന്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതേസമയം തന്നെയാണ് ചിത്രത്തില്‍ ഏറെ ആകര്‍ഷകമായ ‘സുഡു’വിന്റെ റോള്‍ ചെയ്ത നൈജീരിയന്‍ അഭിനേതാവ് സാമുവല്‍ ഇത്തരത്തില്‍ തനിക്ക് ശമ്പളം ലഭിച്ചില്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :