ടെക്സസിലെ പ്രഥമ ബധിര പൊലീസ് വനിതാ ഓഫിസര്‍ ചുമതലയേറ്റു
പി.പി. ചെറിയാന്‍
ഡല്‍ഹാര്‍ട്ട് (ടെക്സസ്): ടെക്സസ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബധിരയായ വനിതാ പൊലീസ് ഓഫിസര്‍ സത്യപ്രതിഞ്ജ ചെയ്തു. ഏപ്രില്‍ 14ന് ഇവര്‍ ചുമതലയില്‍ പ്രവേശിക്കും. എറിക്ക് ടി. വിനൊ എന്ന യുവതിയുടെ ബാല്യകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത്. പൊലീസ് ഓഫിസര്‍ ആവണമെന്നു കിന്‍ഡര്‍ഗാര്‍ട്ടറില്‍വെച്ചു തന്നെ തന്റെ താല്‍പര്യം പ്രകടിപ്പിച്ച എറിക്കിന് എല്ലാവരുടെയും ഭാഗത്തുനിന്നും നിരാശാജനകമായ പ്രതികരണമാണ് ലഭിച്ചിരുന്നത്. വളര്‍ന്നു വന്നതോടെ ആഗ്രഹ സഫലീകരണത്തിനായി കഠിന പ്രയത്നം നടത്തേണ്ടിവന്നുവെന്ന് എറിക് പറഞ്ഞു.
ഡല്‍ഹാര്‍ട്ട് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിക്കുക. ബധിരയാണെന്നറിഞ്ഞിട്ടും എറിക്കയുടെ പ്രത്യേക കഴിവുകളെ തിരിച്ചറിഞ്ഞത് ചീഫ് ഡേവിഡ് കോണര്‍ ആണ്. ഫൊറന്‍സിക് സയന്‍സില്‍ ബിരുദം നേടിയിട്ടുള്ള എറിക്ക നന്നായി ഇംഗ്ലീഷ് സംസാരിക്കും. കൂടാതെ അഞ്ചു ഭാഷകളില്‍ സൈന്‍ ലാംഗ്വേജും അറിയുമെന്നതാണ് ഇവരുടെ പ്രത്യേകത. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ഇവര്‍ പറഞ്ഞു.