നൂറു വര്‍ഷം പഴക്കമുള്ള വൃക്ഷം സംരക്ഷിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം വിവാഹം
പി.പി.ചെറിയാന്‍
ഫോര്‍ട്ട് മയേഴ്സ് (ഫ്ലോറിഡ): ഫോര്‍ട്ട് മയേഴ്സിലെ ഫാമിലി പാര്‍ക്കില്‍ പന്തലിച്ചു നില്‍ക്കുന്ന ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരണ്‍ ഹൂപ്പര്‍ കണ്ടെത്തിയ ഏക മാര്‍ഗ്ഗം മരത്തെ വിവാഹം കഴിക്കുക എന്നതാണ്.
നൂറു വര്‍ഷം പഴക്കവും 8000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന അടിവേരുകളോടു കൂടിയ മരം മുറിച്ചുമാറ്റുന്നതിനു 13,000 ഡോളര്‍ സിറ്റി പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ നല്‍കി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തില്‍ നിന്നും പുറകോട്ടു പോകാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 27 ന് അമ്പതോളം പേരെ സാക്ഷി നിര്‍ത്തി കേരണ്‍ ഫിക്കസ് മരത്തെ വിവാഹം കഴിക്കുകയായിരുന്നു.
ഫ്രണ്ട് ബര്‍സല്‍ എന്ന കൗണ്‍സില്‍ അംഗം മാത്രമാണ് വിവാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭര്‍ത്താവായി മാറിയ ഫിക്കസു ട്രീ മുറിച്ചു മാറ്റിയാല്‍ ഞാന്‍ വിധവയായി തീരും എന്നാണ് കേരണ്‍ ഹൂപ്പര്‍ പറയുന്നത്. വിവാഹത്തെ തുടര്‍ന്ന് സിറ്റി അധികൃതര്‍ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. പകല്‍ സമയം കേരണും കൂട്ടുകാരും മരത്തിനു കാവല്‍ നില്‍ക്കുന്നതും ഇവരെ കുഴക്കുന്നു.