സുഡു’വിനെ കളിയാക്കി നടന്‍ ജിനു ജോസഫ് ; പിന്തുണച്ച് സൌബിന്‍ ; സുഡാനി വിവാദം ചീഞ്ഞു നാറുന്നു

സുഡാനി ഫ്രം നൈജീരിയ സിനിമയുടെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. തനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് അതിലെ മുഖ്യ വേഷം ചെയ്ത നടനായ സാമുവല്‍ റോബിന്‍സണ്‍ വെളിപ്പെടുത്തിയതിനു പിന്നാലെ അയാളെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. അര്‍ഹിച്ച പ്രതിഫലം തനിക്ക് ലഭിച്ചില്ല എന്നാണ് സാമുവല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അയാളെ പരസ്യമായി വിമര്‍ശിച്ചു പോസ്റ്റ് ഇട്ടിരിക്കുകയാണ് നടനായ ജിനു ജോസഫ്.

‘ഞാന്‍ അഭിനയിച്ച സിനിമയുടെ എല്ലാ നിര്‍മ്മാതാക്കളോടും… സിനിമയ്ക്ക് മുമ്പ് നമ്മള്‍ ഏര്‍പ്പെട്ട എല്ലാ കരാറുകളും മറന്നേക്കു… എനിക്ക് ഇനിയും വേണം.. ഇപ്പോള്‍ നിങ്ങളുടെ സിനിമ പ്രതീക്ഷിച്ച വിജയം നേടി… സമീര്‍ താഹിര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ് .. എനിക്ക് ഇനീം വേണം… ഇഞ്ഞീം ഇഞ്ഞാം വേണം… എനിക്ക് അര്‍ഹമായ പ്രതിഫലം കിട്ടിയിട്ടില്ല.. ഞാന്‍ കറുത്ത വര്‍ഗക്കാരനായത് കൊണ്ടാണ് തന്റെ ആദ്യ ചിത്രത്തില്‍ അര്‍ഹമായ പ്രതിഫലം തനിക്ക് കിട്ടാതിരുന്നത്. അതിന് ശേഷമുള്ള തന്റെ സിനിമകള്‍ക്ക് ആകെ കിട്ടിയത് ആകട്ടെ പത്തായിരം രൂപയും… ഇഞ്ഞീം ഇഞ്ഞാം വേണം.. ഹാപ്പി ഈസ്റ്റര്‍’… ഇതായിരുന്നു സാമുവലിനെ പരിഹസിച്ചു കൊണ്ടുള്ള ജിനോയുടെ പോസ്റ്റ്.

ഏറ്റവും ഖേദകരമായ കാര്യം എന്തെന്നാല്‍ നടന്‍ സൗബിന്‍ ഷാഹിര്‍ പോസ്റ്റിന് ലൈക്കടിച്ചു എന്നതാണ്. ലൈക്കിടച്ചതോടെ താനും ജിനുവിനെ പിന്തുണയ്ക്കുനെന്നാണാണ് സൗബിന്റെ നിലപാടെന്ന് കരുതേണ്ടി വരും. പോസ്റ്റിന് താഴെ ആദ്യമെത്തിയ കമന്റുകളാകട്ടെ സാമുവല്‍ ഒരുതരത്തിലുള്ള വംശീയ അവഗണനകള്‍ക്കും വിധേയനായിട്ടില്ലെന്നും കരാര്‍ ഉറപ്പിച്ച പ്രകാരം തന്നെയല്ലേ സിനിമ ചെയ്തതെന്നും പിന്നെ ചുമ്മാ ഈ നാടകം നടത്താതെ സ്വന്തം നാട്ടില്‍ വായടച്ച് ഇരിന്നൂടേയെന്നുമുള്ള ധ്വനിയില്‍ ഉള്ളവയായിരുന്നു. ചിലരാകട്ടെ ഒരു നൈജീരിയക്കാരന്‍ ആഫ്രിക്കന്‍ വംശജനെ മലയാളത്തിലെ നല്ല സിനിമയുടെ ഭാഗമാക്കിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരേയാണ് അഭനന്ദിക്കേണ്ടതെന്നും വാദിക്കുന്നുണ്ട്. അതേസമയം ജിനുവിനെ വിമര്‍ശിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചില്ലെന്ന് പറഞ്ഞ സാമുവല്‍ പക്ഷേ ഒരു കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവര്‍ത്തിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് മാത്രമാണ് തനിക്ക് വിവേചനം നേരിടേണ്ടി വന്നത്. എന്നാല്‍ കേരളത്തിലെ പൊതുസമൂഹം തന്നോട് വളരെ സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നു എന്നായിരുന്നു അത്.

അതേസമയം താന്‍ ചെയ്ത ജോലിക്ക് അര്‍ഹമായ കൂലി ചോദിച്ച താരത്തിന് മലയാളികള്‍ നല്‍കിയതാകട്ടെ ‘ഒരു കറുത്ത വര്‍ഗക്കാരന് താന്‍ അര്‍ഹിക്കുന്നത് കിട്ടിയിട്ടുണ്ട് എന്ന മറുപടിയായിരുന്നു. പുച്ഛവും പരിഹാസവും നിറഞ്ഞ പ്രതികരണങ്ങള്‍ വേറെയും. ഒരു നല്ല കലാകാരനെ നിറത്തിന്റെ പേരില്‍ തേച്ചൊട്ടിച്ചിട്ടും ‘പ്രബുദ്ധ’രായ മലയാളികള്‍ക്ക് ഇനിയും മതിയായിട്ടില്ല. ആ ചിത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ സംഭാവന സാമുവല്‍ എന്ന നടന്‍ തന്നെയാണ്. മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന നടനെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് വാരിക്കോരി കൊടുക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചെയ്തത് എന്ന് വ്യക്തം.