സ്കൂളിനു നൂറില്‍ നൂറു കിട്ടാന്‍ വിദ്യാര്‍ത്ഥിയെ തോല്‍പ്പിച്ചു ; തോറ്റ വിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്തു

പരീക്ഷയില്‍ തോല്‍പ്പിച്ചതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍ രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പാമ്പാടി വാഴൂര്‍ പുളിക്കല്‍ കവല സ്വദേശി ഈപ്പന്‍ വര്‍ഗീസിന്റെ മകന്‍ ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത്. പാമ്പാടി ക്രോസ് റോഡ്സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ബിന്റോ. ബിന്റോയുടെ ആത്മഹത്യക്ക് കാരണം പത്താം ക്ലാസിലേക്കുള്ള പ്രവേശനം നിഷേധിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

രണ്ടാം ടേമില്‍ രണ്ടു വിഷയത്തിന് ബിന്റോ തോറ്റിരുന്നുവെന്നും ഇതിനാല്‍ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നും ഈപ്പന്‍ പറഞ്ഞു. കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടതായും പിതാവ് വ്യക്തമാക്കി. കുട്ടിക്ക് പത്താം ക്ലാസില്‍ നല്‍കിയ പുസ്തകങ്ങള്‍ തിരിച്ചു വാങ്ങിയതായും മാതാപിതാക്കള്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ സ്‌കൂളിനു നൂറില്‍ നൂറു കിട്ടാന്‍ വേണ്ടിയാണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു.