പ്രണയിക്കുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്ന് കോടതിയുടെ സുപ്രധാന വിധി
പ്രണയിക്കുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവാ ബെഞ്ചിന്റെ വിധിയിലാണ് ഇരുവരും തമ്മില്‍ ഗാഢപ്രണയമുണ്ടായിരുന്നതിന് തെളിവുള്ള സാഹചര്യത്തില്‍, സ്ത്രീ നല്‍കിയ ലൈംഗികചൂഷണ പരാതിയില്‍ പുരുഷനെ ശിക്ഷിക്കാനാകില്ലെന്ന് പറഞ്ഞിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനായ യോഗേഷ് പലേക്കറിനെതിരെ നല്‍കിയ കേസിലാണ് കോടതി ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്. കുറ്റാരോപിതന് ഏഴുവര്‍ഷം തടവും 10,000 രൂപ ശിക്ഷയും വിധിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ വിധിക്കെതിരെ യോഗേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2013 ലാണ് യുവതിയും യോഗേഷും തമ്മില്‍ പ്രണയത്തിലാകുന്നത്. കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ഒരുദിവസം യോഗേഷ് യുവതിയെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ സമയത്ത് യോഗേഷിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അന്ന് രാത്രി യുവതി ആ വീട്ടില്‍ തങ്ങുകയും ചെയ്തു. അന്ന് രാത്രി ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്‍ വീണ്ടും പല തവണ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി താഴ്ന്ന ജാതിയില്‍ പെട്ടയാളായതിനാല്‍ വിവാഹത്തിന് യോഗേഷ് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്.
വിവാഹം കഴിക്കാമെന്ന് യോഗേഷ് ഉറപ്പുനല്‍കിയിരുന്നതായും അതിനാലാണ് ലൈംഗികബന്ധത്തിന് താന്‍ തയ്യാറായെതെന്നും യുവതി കോടതിയില്‍ പറഞ്ഞു. അതേസമയം യോഗേഷിന്റെ വിവാഹവാഗ്ദാനമല്ല ലൈംഗികബന്ധത്തിലേക്ക് നയിച്ചതെന്നും ഇരുവരും തമ്മിലുള്ള ഗാഢപ്രണയവും ഇതിന് കാരണമായതായി ജസ്റ്റിസ് സി വി ഭദാങ് നിരീക്ഷിച്ചു. ലൈംഗികബന്ധത്തിനു ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നതായും കോടതി ചൂണ്ടിക്കാട്ടി.