ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ വ്യാപക ആക്രമണം ; കടകളും വാഹനങ്ങളും തകര്‍ത്തു

ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപകമായ അക്രമം. രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

വിവിധ ദളിത് സംഘടനകള്‍ക്കൊപ്പം സി പി ഐ എം എല്‍ പ്രവര്‍ത്തകരും ബിഹാറിലെ അരയില്‍ പ്രതിഷേധവുമായിറങ്ങി. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളില്‍നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. സ്വകാര്യ വ്യക്തികളുടെ വസ്തുവകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.