ഭാരത് ബന്ദ് ; എങ്ങും അക്രമം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ചോരക്കളമായി മാറി ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് . മധ്യപ്രദേശില്‍ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 5 ആയി. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളില്‍നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബര്‍മേര്‍, ഹിന്ദ്വാന്‍, കരൗലി ജില്ലകളില്‍ പോലീസ് 144 പ്രഖ്യാപിച്ചു. ബര്‍മേറിലും അല്‍വാറിലും ഇന്റര്‍നെറ്റ് സേവനത്തിന് നിരോധനമേര്‍പ്പെടുത്തി. രാജസ്ഥാനിലെ ആള്‍വാറിലാണ് ഏറ്റവുമൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. ഝാദോളി ഗ്രാമത്തലവന്റെ മകനാണ് കൊല്ലപ്പെട്ടത്. ഗ്വാളിയോറില്‍ സംഘര്‍ഷത്തിനിടെ രണ്ടുപേരാണ് മരിച്ചത്. വെടിയേറ്റാണ് ഒരാള്‍ മരിച്ചത്. പിസ്റ്റള്‍ ഉപയോഗിച്ച് ഒരാള്‍ വെടിവെക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതുകാരണമാണോ മരണം സംഭവിച്ചത് എന്ന് വ്യക്തമല്ല.
മൊറീനയില്‍ പോലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ത്തിനിടെ തൊട്ടടുത്ത വീടിന്റെ ബാല്‍ക്കണിയില്‍ നിന്നയാള്‍ വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭിന്ദിലാണ് മറ്റൊരാള്‍ മരിച്ചത്. 20ലേറെ പേര്‍ക്ക് പരിക്കുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ മുഴുവന്‍ ദളിത് സംഘടനകളും പങ്കെടുക്കുന്ന ഭാരത് ബന്ദില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് വ്യാപക അക്രമമുണ്ടായത്.