അധികാരത്തില്‍ ഏറി വന്‍കിടക്കാര്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ എഴുതി തള്ളിയത് 2.4 ലക്ഷം കോടി

കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടെ മോദി സര്‍ക്കാര്‍ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളിയത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ മൂന്നുവര്‍ഷങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ് ട്രയില്‍ അടക്കം കര്‍ഷക പ്രതിഷേധം അലയടിച്ചിരുന്നു. അതിനിടയിലാണ് വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളിയ കണക്ക് പുറത്തുവന്നിരിക്കുന്നത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.