ആര്യയുടെ കല്ല്യാണക്കാര്യം എനിക്കറിയില്ല, പ്രശസ്തിക്ക് വേണ്ടിയാണ് റിയാലിറ്റി ഷോയിലെത്തിയത് ”-വെളിപ്പെടുത്തലുമായി മലയാളി

വധുവിനെ കണ്ടെത്താന്‍ തമിഴ് നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോ ‘എങ്ക വീട്ടു മാപ്പിളൈ’ തുടക്കം മുതല്‍ തന്നെ വിവാദവിഷയമായിരുന്നു. പെണ്‍കുട്ടികളെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് റിയാലിറ്റി ഷോയെന്നും, ഇങ്ങനെയല്ല പങ്കാളിയെ കണ്ടത്തേണ്ടതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.ആര്യയെ ചില വനിതാ സംഘടനകള്‍ വീടിനകത്ത് കയറാന്‍ സമ്മതിക്കാതെ തിരിച്ചയച്ച സംഭവം വരെ ഉണ്ടായി.

ഇപ്പോള്‍ പരിപാടിയില്‍ നിന്ന് പുറത്തായ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുതിയ വിവാദത്തിനു വഴിവെച്ചിരിക്കുന്നത്. മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്നറിയില്ലെന്നും താന്‍ എന്തായാലും അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിനിടെയായായിരുന്നു ശ്രിയയുടെ തുറന്നുപറച്ചില്‍. ഒരു വിനോദ വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ആര്യ പരിപാടിയിലെ വിജയിയെ തന്നെ ജീവിത പങ്കാളിയാക്കുമോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു ശ്രിയയുടെ മറുപടി. തന്റെ വിവാഹത്തെക്കുറിച്ച് ശ്രിയ പറയാനുള്ളത് ഇതായിരുന്നു- ‘ഞാനിപ്പോള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല അടുത്തൊന്നും കല്യാണം കഴിക്കാനുദ്ദേശിക്കുന്നുമില്ല’.

തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായത് പ്രശസ്തിക്ക് വേണ്ടിയാണെന്നും ശ്രിയ വെളിപ്പെടുത്തുകയുണ്ടായി.