കാശ്മീര്‍ വിഷയം ; അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഗൌതം ഗംഭീര്‍
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പാകിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. ഇന്ത്യന്‍ അധീന കശ്മീരില്‍ നിരപരാധികള്‍ വെടിയേറ്റ് വീഴുകയാണെന്നാണ് അഫ്രിദി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുന്ന നിരപരാധികളെ കശ്മീരില്‍ അടിച്ചമര്‍ത്തുകയാണെന്നും അഫ്രിദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ഒന്നും ചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നുമാണ് അഫ്രീദി പറഞ്ഞത്.
എന്നാല്‍ പതിവുപോലെ നോ ബോളില്‍ വിക്കറ്റ് ആഘോഷിക്കുകയാണ് അഫ്രീദിയെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. യുഎന്‍ എന്നാല്‍ അഫ്രിദിക്ക് അണ്ടര്‍ 19 എന്നാണെന്നും നോ ബോളില്‍ പുറത്തായത് ആഘോഷിക്കുകയാണ് അഫ്രിദിയെന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇത് ആദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്തെത്തുന്നത്. പാകിസ്താന് ക്രിക്കറ്റ് ടീമിനെ കശ്മീരി ജനത പിന്തുണയ്ക്കുന്നുണ്ടെന്ന് 2016 മാര്‍ച്ചില്‍ അഫ്രീദി പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബി.സി.സി.ഐ രംഗത്തെത്തുകയും ചെയ്തു.