സമരക്കാര്‍ ആംബുലന്‍സ് തടഞ്ഞു; നവജാത ശിശുവിനും വൃദ്ധനും ദാരുണാന്ത്യം
പട്‌ന : സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ വ്യാപക അക്രമം. ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളെ ബന്ദ് സാരമായി ബാധിച്ചു. ബിഹാറിലെ വൈശാലിയില്‍ ദലിതര്‍ റോഡുപരോധിച്ചതിനെ തുടര്‍ന്നുണ്ടായ ബ്ലോക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന നവജാതശിശു മരിച്ചു. കുട്ടിയുമായെത്തിയ ആംബുലന്‍സ് കടത്തിവിടാതിരുന്നതോടെയാണ് ശിശു മരിച്ചത്.
പട്‌നയില്‍നിന്ന് 52 കിലോമീറ്റര്‍ ദൂരെയുള്ള മഹ്നറിലെ ഹെല്‍ത്ത് സെന്ററിലാണു കുട്ടി ജനിച്ചത്. ജനനത്തിനുശേഷം നിലമോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ഹജിപുറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ പലയിടത്തും പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞു. ഇതോടെ അരമണിക്കൂറില്‍ താഴെ മാത്രം സമയംകൊണ്ട് എത്തേണ്ട ആശുപത്രിയിലേക്ക് എത്താന്‍ 2.5 മണിക്കൂറാണെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഹജിപൂറില്‍ അറുപത്തിയെട്ടുകാരനും സമാനരീതിയില്‍ മരിച്ചു. ആശുപത്രിയിലെത്തുന്നതിന് ഒരു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ബിജിനോറില്‍ ആംബുലന്‍സ് തടഞ്ഞത്. ആംബുലന്‍സ് വിടാന്‍ പ്രതിഷേധക്കാര്‍ തയാറാകാതിരുന്നതോടെ പിതാവിനെ കൈകളിലേന്തി മകന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിക്കുകയായിരുന്നു.