ഒരാനയുടെ അന്ത്യനിമിഷത്തിന്റെ വീഡിയോ; ഈ ദൃശ്യങ്ങള്‍ ഓര്‍മ്മയില്‍ വച്ചിരിക്കുക, മനുഷ്യന്റെ ക്രൂരതയുടെ അളവുകോലാണിവ

വര്‍ഷങ്ങളോളം ഇരുട്ടുമുറിയില്‍ പട്ടിണി കിടക്കുകയായിരുന്നു ലക്ഷ്മിയെന്ന ഈ ആന. ഒടുവില്‍ ഭക്ഷണവും വെള്ളവുമില്ലാതെ എല്ലും തോലുമായ ലക്ഷ്മി ആരോഗ്യവതിയായിരിക്കേണ്ട 30-ാം വയസില്‍ ചരിഞ്ഞു. അവളുടെ അവസാനകാലത്തെ ദൃശ്യങ്ങള്‍ മനസാക്ഷിയുള്ളവരുടെ കണ്ണുനിറയിക്കും.

അസ്ഥികള്‍ എഴുന്നു നില്‍ക്കുന്ന നിലയില്‍ തൂണുപോലെയുള്ള കാലുകള്‍ ശോഷിച്ച് നിവര്‍ന്നുനില്‍ക്കാന്‍ പോലുമുള്ള ശേഷിയില്ലാതെ ചങ്ങലയുടെ ബലത്തിലാണ് പാവം നില്‍ക്കുന്നതുപോലും. വെളിച്ചം കടക്കാത്ത ചെറിയ മുറിയില്‍ ലക്ഷ്മിയെ മര്യാദപഠിപ്പിക്കാനായി അടച്ചിട്ടതാണ്.അവിടുന്നിങ്ങോട്ട് പച്ചവെള്ളം പോലും അവള്‍ക്ക് നല്‍കിയിട്ടല്ല. മൂര്‍ച്ചയേറിയ തോട്ടികൊണ്ടാണ് ഓരോ ദിവസവും തൊലിയില്‍ കുത്തി മുറിവുകളുണ്ടാക്കിയത്. തൊലിയില്ലാതെയായപ്പോള്‍ അസ്ഥിയില്‍ കുത്തിവലിച്ചു.

ചരിഞ്ഞശേഷവും ചങ്ങല ഊരിമാറ്റിയില്ല. മലമൂത്രവിസര്‍ജനം നടത്തിയ നാറ്റമുള്ള മുറിയുടെ നടുവില്‍ അനക്കമില്ലാതെ ലക്ഷ്മി കിടന്നു. ആനയുടെ ദാരുണ അവസ്ഥ അറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോഴേക്കും ഉടമസ്ഥര്‍ സ്ഥലത്തു നിന്നും മുങ്ങിയതുകൊണ്ട് ആര്‍ക്കെതിരെയും കേസെടുക്കാനും സാധിക്കില്ല. ബിഹാറിലാണ് ഈ ക്രൂര കൃത്യങ്ങള്‍ നടന്നത്.