നോബല്‍ കമ്മറ്റി അര്‍ദ്ധരാത്രി മീറ്റിംഗ് വിളിച്ച് കൂട്ടി നോബല്‍ നല്‍കി; ഇന്ധനവില സിദ്ധം കണ്ടു പിടിച്ച ഗോപാലകൃഷ്ണനെയും പത്മകുമാറിനെയും ട്രോളി സോഷ്യല്‍ മീഡിയ

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും അച്ഛാ ദിന്‍ ആയതുകൊണ്ടാണോ, ഇന്ത്യയില്‍ ഇന്ധനവില റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ്. വില ഉയരുന്നതിനോടൊപ്പം തന്നെ ചാനല്‍ ചര്‍ച്ചകളും കൊഴുക്കുകയാണ്. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ ഉന്നയിക്കുന്ന തട്ടിക്കൂട്ട് വാദങ്ങള്‍ ചിരിക്കാനുള്ള വക തരുന്നവയാണ്. ഇത് തുടര്‍ക്കഥയായതോടെ ഇവരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കാര്‍ഡ് പ്രചരിക്കുന്നുണ്ട്. രണ്ട് ഇന്ത്യക്കാര്‍ക്ക് നോബല്‍ സമ്മാനം എന്നാണ് കാര്‍ഡിന്റെ തലക്കെട്ട്. ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിനാണ് ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് സോഷ്യല്‍ മീഡിയ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബല്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.

കാര്‍ഡിലെ വാചകങ്ങള്‍ ഇങ്ങനെ

ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം.

ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളു. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം. മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ചാനലുകളിലാണ് ഇവര്‍ ഇന്ധനവില സിദ്ധാന്തം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ സ്വീഡനിലെ നോബല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.