ദളിത് പ്രക്ഷോപം വ്യാപിക്കുന്നു ; 12 മരണം ; നേതാക്കളുടെ വീടുകള്‍ കത്തിച്ചു
കഴിഞ്ഞദിവസത്തെ ഭാരത് ബന്ദിനിടെ പൊട്ടിപുറപ്പെട്ട ദളിത് സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. രാജസ്ഥാനിലെ കൂടുതല്‍ മേഖലകളിലേക്ക് അക്രമം പടരുന്നതിനാല്‍ പലയിടത്തും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. കരോളി ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പുറമേ ഇന്റര്‍നെറ്റ് സര്‍വ്വീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ദളിത് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മദ്ധ്യപ്രദേശിലും സംഘര്‍ഷം തുടരുകയാണ്. രാജസ്ഥാനില്‍ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ്‌ഐ മരണപ്പെട്ടു. തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് അവസാനിച്ചതിന് തൊട്ടുപിറകെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്ലേറിനും, കൊള്ളിവെപ്പിനും ശേഷം പ്രതിഷേധക്കാര്‍ നേതാക്കളുടെ വീടിന് തീവെക്കുകയായിരുന്നു. വ്യാപാരികളും, ഉയര്‍ന്ന ജാതിയില്‍ പെട്ടവരുമാണ് ഹിന്ദൗന്‍ നഗരത്തില്‍ കൂടുതലുള്ളത്.
രാജസ്ഥാനില്‍ ദളിത് വിഭാഗക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആക്രമണമുണ്ടായി. ബിജെപി എംഎല്‍എയും ദളിത് നേതാവുമായ രാജ്കുമാരി ജാദവ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബരോസിലാല്‍ ജാദവ് എന്നിവരുടെ വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഇരു വീടുകളും പൂര്‍ണ്ണമായും കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. 5000ത്തോളം പേര്‍ അടങ്ങിയ ജനക്കൂട്ടമാണ് രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പട്ടികജാതി-പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കലാപം പൊട്ടിപുറപ്പെട്ടത്.