അഞ്ചരലക്ഷം ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി ചോര്‍ന്നു ; ചോര്‍ന്നത് മൊത്തം ഒന്‍പതുകോടി അക്കൌണ്ടുകള്‍

വാഷിംഗ്‌ടണ്‍ : ക്രോംബിജ് അനലിറ്റിക്ക വഴി അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടേതടക്കം ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക്. ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്റെ പ്രതികരണം. 562,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ്‌ ഫെയ്‌സ്ബുക്ക് അധികൃതര്‍ ബ്ലോഗിലൂടെ പറയുന്നത്. ആകെ ചോര്‍ന്നവരുടെ 0.6 ശതമാനമാണിത്.  ആകെ ചോര്‍ന്നവരില്‍ 81 ശതമാനവും അമേരിക്കക്കാരുടേതാണ്.

ചോര്‍ച്ച സംബന്ധിച്ച് ഈ മാസം 11-ന് സക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ തെറ്റാണ് ഉണ്ടായതെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധനല്‍കുന്നതെന്നും സക്കര്‍ ബര്‍ഗ് വ്യക്തമാക്കി.