പെന്‍ഷന്‍ കിട്ടാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം

അമ്മയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ കിട്ടാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം. കൊല്‍ക്കത്തയിലാണ് സംഭവം. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹമാണ് മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിചിരുന്നത്. ലെതര്‍ ടെക്നോളജിസ്റ്റാണ് ഇയാള്‍. ഇയാളുടെ അമ്മയ്ക്ക് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. മരിച്ച ശേഷവും പെന്‍ഷന്‍ തുടര്‍ന്നും കിട്ടുന്നതിനാണ് മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും മകന്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്.

കാര്യമായ കേടുപാടുകളൊന്നുമില്ലാതെ മൃതദേഹം സൂക്ഷിച്ചത് ഞെട്ടിച്ചെന്ന് പോലീസ് അറിയിച്ചു. മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അഴുകാതെ ശീതീകരിച്ച് സൂക്ഷിച്ച രീതികണ്ടിട്ട് ഇതിനെക്കുറിച്ച് കൃത്യമായ അറിവ് സുവബ്രത മസുംദാറിന് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം ബീന മസൂംദറിന്റെ 90-വയസുള്ള ഭര്‍ത്താവും ഈ വീട്ടില്‍ തന്നെയായിരുന്നു താമസം. എന്നാല്‍ ശരീരത്തില്‍ വീണ്ടും ജീവന്‍വയ്ക്കും എന്നു പറഞ്ഞാണ് മകന്‍ മൃതദേഹം സൂക്ഷിച്ചതെന്ന് പിതാവ് പറയുന്നു.