കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരന്‍ ; അഞ്ചു വര്‍ഷം തടവ് ശിക്ഷ
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതോടൊപ്പം പതിനായിരം രൂപ പിഴയുമൊടുക്കണം. അതേസമയം, കേസിലെ മറ്റു പ്രതികളായ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരെ കോടതി വെറുതെവിട്ടു. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഹം സാത്ത് സാത്ത് ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമത്തിലെ 51 , ഇന്ത്യന്‍ ശിക്ഷ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28 നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്. ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ സല്‍മാന്‍ ഖാന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.