ക്യൂന്‍സില്‍ മൂന്നു വയസുകാരി മര്‍ദനമേറ്റു മരിച്ചു; വളര്‍ത്തച്ചന്‍ അറസ്റ്റില്‍
പി. പി. ചെറിയാന്‍
ക്യൂന്‍സ് (ന്യുയോര്‍ക്ക്): ക്യൂന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നു വയസുള്ള ബല്ല എഡ്വേഡ്‌സ് മരിച്ച സംഭവത്തില്‍ വളര്‍ത്തച്ചന്‍ മാര്‍ക്ക് ജെന്‍കിന്‍സിനെ അറസ്റ്റു ചെയ്തതായി ക്യൂന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. വളര്‍ത്തച്ഛന്റെ പേരില്‍ കൊലപാതക കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയായിരുന്നു കുട്ടിയെ അപ്പാര്‍ട്ട്‌മെന്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മാതാവ് ഷമിക ഗൊണ്‍സാലസ് രാവിലെ ജോലിക്കു പോയി വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്. വളര്‍ത്തച്ചന്‍ മാര്‍ക്ക് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് ഷമിക പറഞ്ഞു.
911 വിളിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് കുട്ടിയെ സെന്റ് ജോണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം താമസിയാതെ മരിച്ചു. ഓട്ടോപ്‌സിയില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ഏറ്റ കനത്ത പ്രഹരമാണ് മരണത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിനുശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാകു എന്ന് അധികൃതര്‍ പറഞ്ഞു.
വീടിനകത്തും പുറത്തും ഓടി ചാടി നടന്നിരുന്ന കുഞ്ഞിന്റെ മരണം വിശ്വസിക്കാനായിരുന്നില്ല എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. നിരപരാധിയായ പിഞ്ചു കുഞ്ഞിന്റെ മരണം വളരെ ക്രൂരമായിപ്പോയെന്ന് ക്യൂന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റിച്ചാര്‍ഡ് ബ്രൗണ്‍ പറഞ്ഞു.