കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം സര്‍ക്കാരിന് തിരിച്ചടി ; മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് കോടതി
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും വന്‍തിരിച്ചടി. രണ്ട് കോളെജുകളിലും 2016-17 കാലയളിവില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രിം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയത് കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. മാത്രമല്ല ഓര്‍ഡിനന്‍സ് റദ്ദാക്കുകയും ചെയ്തു. ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
ഇരുകോളെജുകളിലെയും പ്രവേശനം കോടതി റദ്ദാക്കിയതാണ്. ആ വിധി നിലനില്‍ക്കെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മറ്റിക്ക് ഇതിന്‍മേല്‍ തീരുമാനം എടുക്കാനാകുമെന്ന് കോടതി ആരാഞ്ഞു. രണ്ട് കോളെജുകളിലും 2016-17 കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ യാതൊരു വിധ ആനുകൂല്യവും അര്‍ഹിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കുന്ന സര്‍ക്കാരിന്റെ മെഡിക്കല്‍ ബില്‍ നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തില്‍ നിയമം ലംഘിച്ചാല്‍ അത് ഗൗരവമേറിയ വിഷയമാവുമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാനാണ് ഐകകണ്‌ഠ്യേന ഇന്നലെ കോളേജുകളുടെ പ്രവേശനം അംഗീകരിച്ച് ബില്ല് പാസാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം.