മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും എല്ലാം ഒറ്റക്കെട്ടായി എന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാംസത്തിനായി പട്ടികളും പൂച്ചകളും ഒന്നിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിലടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പിന്റെ പശ്ചാത്തലത്തിലാണ് എതിര്‍ പാര്‍ട്ടികള്‍ക്ക് എതിരെ ബിജെപി പ്രസിഡന്റിന്റെ രൂക്ഷമായ വിമര്‍ശനം. മുംബൈയില്‍ നടന്ന ബിജെപിയുടെ 38ാമത് സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ പ്രസംഗിച്ചത്. ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ പുതിയ സഖ്യമുണ്ടാക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മോശം പദപ്രയോഗങ്ങളുപയോഗിച്ചാണ് അമിത് ഷാ പരാമര്‍ശിച്ചത്.

പാമ്പിനോടും പൂച്ചയോടും പട്ടിയോടും വരെ ഉപമിച്ചായിരുന്നു ഷായുടെ പ്രസംഗം. അതേസമയം, പട്ടികളെന്നും പൂച്ചകളെന്നുമുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് താന്‍ ഉദ്ദേശിച്ചത് വിവിധ പ്രത്യയശാസ്ത്രങ്ങളെയാണെന്ന് വിശദീകരിച്ച് അമിത് ഷാ മണിക്കൂറുകള്‍ക്കം രംഗത്തെത്തി. പ്രളയം വരുമ്പോള്‍ കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവുമെല്ലാം ഒന്നിക്കും. ഒരു വഞ്ചിയില്‍ രക്ഷപെടാന്‍ ശ്രമിക്കും. അതുപോലെ മോദി പ്രളയം ഭയന്ന് പാമ്പും കീരിയും പട്ടിയും പൂച്ചയുമെല്ലാം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒന്നിച്ചു എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.