സല്‍മാന്‍ഖാന് ജാമ്യം ; ഇന്ന് തന്നെ പുറത്തിറങ്ങും
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 50000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. താരത്തിന് ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങാം. സല്‍മാനെതിരെയുള്ള സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹസ്തിമല്‍ സരസത് കോടതിയില്‍ വാദിച്ചു. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന താരത്തിന് മാനുഷിക പരിഗണനയുടെ പേരില്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം ജാമ്യം നല്‍കരുതെന്ന കടുത്ത നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. സല്‍മാന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.