ഐ പി എല്‍ ആദ്യ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനു വിജയം

ഐ.പി.എല്‍ പതിനൊന്നാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. അവസാന ഓവറില്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ വിജയം നേടിയെടുത്തത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165. ചെന്നൈ 19.5 ഓവറില്‍ ഒന്‍പതു വിക്കറ്റിനു 169. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സടിച്ചു.

രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു ചെന്നൈയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഒരു പന്ത് ബാക്കിനില്‍ക്കെ ഒരു വിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. 166 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ഒരു ഘട്ടത്തില്‍ എട്ടിന് 118 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. എന്നാല്‍ ഡ്വയ്ന്‍ ബ്രാവോയുടെ (68) അവിശ്വസനീയ പ്രകടനം ചെന്നൈയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. വെറും 30 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു സിക്സറുമടങ്ങിയതായിരുന്നു ബ്രാവോയുടെ ഇന്നിങ്സ്. അമ്പാട്ടി റായുഡു (22), ഷെയ്ന്‍ വാട്സന്‍ (16), സുരേഷ് റെയ്ന (4), ക്യാപ്റ്റന്‍ എംഎസ് ധോണി (5), രവീന്ദ്ര ജഡേജ (12), ദീപക് ചഹര്‍ (0), ഹര്‍ഭജന്‍ സിങ് (8), മാര്‍ക് വവുഡ് (1) എന്നിവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ബ്രാവോയുടെ വണ്‍മാന്‍ ഷോ ചെന്നൈക്ക് ജയം സമ്മാനിക്കുകയായിരുന്നു. 24 റണ്‍സോടെ പുറത്താവാതെ നിന്ന കേദാര്‍ ജാദവാണ് ചെന്നൈയുടെ ജയം പൂര്‍ത്തിയാക്കിയത്.