ഈ “എ” പടം എന്നുവെച്ചാല്‍ എന്താ അമ്മെ ? വൈറല്‍ ആയി ഒരു രണ്ടാം ക്ലാസുകാരന്‍റെ ചോദ്യം
സിനിമകളിലെ കഥകളും കഥാപാത്രങ്ങളും പലപ്പോഴും സമൂഹത്തെ സ്വാധീനിക്കാറുണ്ട്, പുലിമുരുകന്‍ എന്ന സിനിമ നിറഞ്ഞ സദസ്സില്‍ ഓടി തകര്‍ത്തപ്പോള്‍ ഓരോ വീടുകളിലും കൊച്ചു പുലിമുരുകന്മാര്‍ നിറഞ്ഞാടുകയായിരുന്നു. എന്നാല്‍ ഇവിടെ ‘പാവാട’ എന്ന സിനിമയിലെ സംഭാഷണത്തിലെ ‘എ’ പടം എന്ന പദപ്രയോഗമാണ് ഒരു രണ്ടാം ക്ലസ്സുകാരന്‍ അവന്റെ അമ്മയോട് ഈ ‘എ’ പടം എന്ന് വെച്ചാല്‍ എന്താണെന്ന് വളരെ നിഷ്‌കളങ്കമായി ചോദിക്കുന്നതിലേക്കെത്തിച്ചത്. ചോദ്യത്തിന് മുന്നില്‍ ഒന്ന് പതറിയെങ്കിലും കുഞ്ഞുമനസ്സിനെ കൂടുതല്‍ സംശയങ്ങളിലേക്ക് തള്ളിവിടാതെ ആ അമ്മ എങ്ങനെ നേരിട്ടു എന്നത് ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.
വളര്‍ന്ന് വരുന്ന കുഞ്ഞുങ്ങള്‍ ഇത്തരം ചോദ്യങ്ങളോ, സംശയങ്ങളോ ഉന്നയിക്കുമ്പോള്‍ വ്യക്തമായി മറുപടി നല്‍കാതെ മാതാപിതാക്കള്‍ പിന്മാറുകയോ, ദേഷ്യപെടുകയോ ചെയ്യുമ്പോള്‍ അതറിയാനുള്ള ആകാംഷ അവരില്‍ കൂടിവരുകയും അത് മാറ്റ് അപകടങ്ങളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യും. സുജിത സജീവ് എന്ന വീട്ടമ്മയാണ് തന്റെ മകന് നല്ല വ്യക്തമായ രീതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ആ അനുഭവം അവര്‍ തന്റെ ഫേസ്ബുക്ക് വഴി പങ്കുവെയ്ക്കുകയും ചെയ്തു.
സുജിത സജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ജാമ്യം എടുത്തിട്ടാണവന്‍ എന്നോടത് ചോദിച്ചത് – ‘ഒരു കാര്യം ചോദിച്ചാല്‍ അമ്മ ദേഷ്യപെടോ ?’
– ‘അതെന്താടാ പതിവില്ലാതെ ഒരു preface? നീ ചോദിക്ക് ..’
– ‘ഈ A പടം ന്നു വെച്ചാല്‍ എന്തമ്മേ?’
ഞെട്ടി!
ഡ്രൈവിങ്ങില്‍ ആണ്. ന്നാലും പതര്‍ച്ച ഇല്ലാതെ മറുപടി പറഞ്ഞെ പറ്റു ….ചക്കരയുമ്മക്കു ‘ചക്കുമ്മര’ എന്ന് തലകുത്തി പറഞ്ഞു എന്നെ ഇവന്‍ നക്കിത്തുടച്ചത് ഇന്നാള്‍ അല്ലെ ? എഴുതി ഫലിപ്പിക്കാന്‍ പറ്റാത്ത അളവില്‍ ഞെട്ടലോ അങ്കലാപ്പോ ഒക്കെ ഉണ്ട് എന്റെ ഉള്ളില്‍. ഒന്നും പുറത്തു കാണിക്കാതെ മറുപടി പറഞ്ഞു.
-‘ അത് മുത്തേ ..അച്ഛനും അമ്മേം മക്കളും കൂടി കാണാന്‍ പോവണ മൂവി പോലെ അല്ല. വല്യ ആളുകള്‍ക്ക് കാണാന്‍ ഉള്ളതാ. കുഞ്ഞുകുട്ടികള്‍ കാണാന്‍ പാടില്ല.’
സംഭവം വിചാരിക്കണ പോലെ എളുപ്പം അല്ല. ഞാന്‍ ഒന്ന് തപ്പി …എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഒപ്പം ചോദിച്ചു ‘ നീയിതു എവിടുന്നാ കേട്ടെ ?’
‘ പാവാട സിനിമയില്‍ പറഞ്ഞതാമ്മേ..I understood that its a bad word..ന്നാലും എന്താന്നു മനസിലായില്ല.അതാ അമ്മയോട് ചോദിച്ചേ ..’
‘That’s fine’ ന്നു അവനോടു പറയുമ്പോഴും ഞാന്‍ അത്ര ഫൈന്‍ ആയിരുന്നില്ല…അവന്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. രണ്ടാം തവണ …
ആദ്യത്തെ ഞെട്ടല്‍ കുറച്ചു കാലം മുന്‍പാണ് ..
ഓഫീസും വീടും ആയി ഓടി നടന്നു തളര്‍ന്ന ആ ദിവസം അകാരണമായി ദേഷ്യം പിടിചാണ് ഞാന്‍ വീട്ടില്‍ എത്തിയത്. എന്തിനൊക്കെയോ ഞാന്‍ അവനെ വഴക്കു പറഞ്ഞു അന്ന്…അതെന്റെ പതിവാ ..എന്നിട്ടു ഉറങ്ങാന്‍ കിടക്കുമ്പോള്‍ പശ്ചാത്താപം കൊണ്ട് കെട്ടിപിടിക്കും …അത്തരം ഒരു കെട്ടി പിടിത്തത്തില്‍ അവന്‍ പെട്ടെന്ന് എന്നോട് ചോദിച്ചു -‘ അമ്മേ …അമ്മ അപ്‌സെറ്റ് ആണോ ..?’ ഞാന്‍ ഞെട്ടി അവന് എന്നെ അറിയാം …ഞാന്‍ അവനെ അറിയുന്നോളം ആഴത്തില്‍ എന്റെ മോന് എന്നെ അറിയാം …അതോണ്ട് തന്നെ മറുപടി പറഞ്ഞു ..
– yes , അമ്മക്ക് ഓഫീസില്‍ ഇന്ന് hectic day ആയിരുന്നു. അതോണ്ട് tiered ആണ് മുത്തേ …അതാട്ടോ അമ്മക്ക് ദേഷ്യം വന്നേ …but we are absolutely fine ട്ടോ …’
-‘ എനിക്ക് തോന്നി അമ്മക്കെന്തോ ടെന്‍ഷന്‍ ഉണ്ടെന്നു..’
അന്ന് മുതല്‍ ഞങ്ങള്‍ ഒരു പതിവ് തുടങ്ങി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ എന്റെ ഓഫീസിലെ secret എല്ലാം അവനോടു പറയും.അവന്‍ സ്‌കൂളിലെ എല്ലാ secret ഉം എന്നോടും. അവന്‍ ഇടക്ക് പറയും ‘ താന്‍ ആടോ എന്റെ best friend’… ആ ‘താന്‍’ വിളീടെ സുഖം പറഞ്ഞു അറിയിക്കാന്‍ പറ്റില്ല.
അങ്ങനെ secret പറഞ്ഞു പറഞ്ഞു housing loan എന്താണെന്നു അവന്‍ ഏഴാം വയസില്‍ അറിഞ്ഞു. അവന്റെ ക്ലാസ്സിലെ ജൊഹാന്‍ ന്റെ അച്ഛന്‍ പോലീസ് ആണെന്നും സ്‌കൂള്‍ ബസിലെ അനീറ്റ ചേച്ചി മൊബൈല്‍ ഫോണ്‍ കൊണ്ട് വന്നെന്നും അവനും പരമ രഹസ്യമായി എന്നോട് പറഞ്ഞു….ഹിന്ദി dictation നു മാര്‍ക്ക് കുറഞ്ഞതും ഫ്രിഡ്ജിലെ തക്കാളി ചീഞ്ഞിട്ടു അച്ഛന്‍ കാണാതെ എടുത്തു കളഞ്ഞതും ഞങ്ങള്‍ പൊതു രഹസ്യം ആക്കി. അങ്ങനെ പതുക്കെ വളര്‍ന്ന ഞങ്ങളുടെ സൗഹൃദം ആണ് ‘എന്തമ്മേ A പടം ‘എന്ന ചോദ്യത്തില്‍ എത്തി നില്‍ക്കുന്നത്…
വൈകുന്നേരം പിള്ളേച്ചന്‍ വരാന്‍ കാത്തു നിന്ന് വന്നവഴിയെ അങ്കലാപ്പോടെ ഞാന്‍ പറഞ്ഞു -‘ ഹരി എന്നോട് എന്താ A പടം ന്നു ചോദിച്ചുന്നെ ..’
അങ്ങേര്‍ക്ക് ശകലം ഞെട്ടല്‍ ഇല്ല .. ‘എന്നിട്ടു നീ പറഞ്ഞു കൊടുത്തില്ലേ ?’
‘ ആം ..പിള്ളേര് കാണാന്‍ പാടില്ലാത്ത സിനിമയാ ന്നു പറഞ്ഞു ‘ ..പറഞ്ഞു തീര്‍ന്നില്ല , അച്ഛന്‍ മോനെ നീട്ടി വിളിച്ചു.
‘ഡാ ..അമ്മ പറഞ്ഞ പോലെ അത് പിള്ളേര് കാണാന്‍ പാടില്ലാത്ത മൂവി ആണ്. ചിലപ്പോള്‍ അതില്‍ യുദ്ധം ഉണ്ടാകും , ചിലപ്പോ ആളുകളെ കൊല്ലും , ചിലപ്പോ പേടിപ്പിക്കും , ചിലപ്പോ നല്ലോണം ഡ്രസ്സ് പോലും ചെയ്യൂല്ല . അതോണ്ട് കുട്ടികള്‍ കാണാന്‍ പാടില്ല ന്നു നിയമം ഉണ്ട് ട്ടോ ..അതാണ് A പടം’.
അവന്റെ പ്രായത്തിനു പറ്റിയ വ്യക്തമായ മറുപടി. അവന്‍ ഒരു ok യും പറഞ്ഞു കിടന്നു സുഖമായി ഉറങ്ങി.
ആധി കേറി ഗ്യാസ് കേറിയ അമ്മയോട് അച്ഛന്‍ ചിരിച്ചോണ്ട് പറഞ്ഞു ..
‘അവന്‍ ഒരു നല്ല മകന്‍ ആണ് ടി . നിനക്ക് അവനെ മാത്രല്ല , അവനു നിന്നേം നല്ലോണം അറിയാം. അതാണ് അല്പം മോശം ആണ് എന്ന് തോന്നിയിട്ടും നിന്നോട് അവന്‍ അത് ചോദിക്കാം ന്നു വെച്ചത്. ഏതോ സിനിമയില്‍ പറഞ്ഞ പോലെ നീ നിന്റെ ഇരുപത്തിഒന്നാം വയസില്‍ ആണ് അവനെ കാണാന്‍ തുടങ്ങിയതെങ്കില്‍ അവന്‍ ജനിച്ചപ്പോ മുതല്‍ നിന്നെ കാണാന്‍ തുടങ്ങിയതാ…ചുമ്മാ പറയല്ല – താന്‍ ആടോ അവന്റെ best friend. മോനെ ഇങ്ങനെ തന്നെ അടുപ്പിച്ചു പിടിച്ചോ ട്ടോ ‘…
അഭിമാനം !എന്നെ കുറിച്ചല്ല ..എന്റെ മോനെ കുറിച്ച് …