ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേരള സര്‍ക്കാര്‍
ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ പുതിയ മാര്‍ഗരേഖയുമായി കേരളാ സര്‍ക്കാര്‍ ആരോഗ്യവകുപ്പ്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. മസ്തിഷ്‌ക മരണത്തേക്കുറിച്ചും അതിനുശേഷം അവയവ ദാനമുണ്ടെങ്കില്‍ അതേക്കുറിച്ചും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പൂര്‍ണമായും നീക്കുന്ന മാര്‍ഗരേഖയാണ് പുറത്തുവന്നത്. മസ്തിഷ്ക മരണം സംഭവിക്കുന്ന വ്യക്തിക്ക് എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് തിരികെവരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ പറയുന്നു.
മസ്തിഷ്‌ക മരണ സ്ഥിരീകരണ പരിശോധനകള്‍ക്ക് മുമ്പുള്ള മുന്‍കരുതല്‍, തലച്ചോറിന്റെ പ്രതിഫലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, ആപ്നിയോ ടെസ്റ്റ് എന്നീ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗരേഖ പാലിക്കണം. കോമയും മസ്തിഷ്‌ക മരണവും എന്താണെന്ന് മാര്‍ഗരേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. തലച്ചോറിന്റെ പ്രത്യേക ഞരമ്പുകള്‍ക്കുണ്ടാകുന്ന ക്ഷതം കാരണം അബോധാവസ്ഥയിലാകുന്ന അവസ്ഥയാണ് കോമ. ഇത് ഏതെല്ലാം ടെസ്റ്റുകളിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോമയിലായിരിക്കുന്ന വ്യക്തി വെന്റിലേറ്ററിലാണെങ്കില്‍ മാത്രമേ മസ്തിഷ്‌ക മരണ സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളൂ.