ബി ജെ പിയെ തള്ളി ശിവസേന ; ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

ബി ജെ പിയുമായുള്ള സഖ്യം തുടരാന്‍ താല്പര്യമില്ല എന്ന് ശിവസേന. അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് സഖ്യമായി മത്സരിക്കാമെന്ന ബിജെപിയുടെ അഭ്യര്‍ഥന ശിവസേന തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ശിവസേന തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. “അവര്‍ ഞങ്ങളോടൊപ്പം ഗവണ്‍മെന്റിന്റെ ഭാഗമാണ്, ഞങ്ങളോടൊപ്പം തന്നെ അവര്‍ തുടരുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നുമാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നാണ് ബിജെപി ഇതുവരെ പറഞ്ഞിരുന്നത്, ഇപ്പോള്‍ പതുക്കെ സുഹൃത്തുക്കള ഓര്‍ത്തുതുടങ്ങിയിരിക്കുന്നു, ആറ് മാസത്തിനുള്ളിലാണ് അവരുടെ സമീപനത്തില്‍ മാറ്റം വന്നത്, ഇപ്പോള്‍ എന്‍ഡിഎ മുന്നണിയെക്കുറിച്ചും പറയാന്‍ തുടങ്ങിയിരിക്കുന്നു-താനെയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവേ ശിവസേന നേതാവ് സുഭാഷ് ദേശായി വിഷയത്തില്‍ പ്രതികരിച്ചു. താക്കറേയാണ് സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ്, അദ്ദേഹത്തിന്റെ കീഴില്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടിയുടെ മറ്റൊരു ഭാരവാഹി പ്രതികരിച്ചു. സഖ്യകക്ഷികളെ രാഷ് ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും അതിന് ശേഷം അവരെ തള്ളുകയും ചെയ്യുന്നത് ബിജെപിയുടെ നയമാണെന്നും അവര്‍ ആരോപിച്ചു.