ദളിത് ഹര്‍ത്താല്‍ ; വാഹനം തടയല്‍ കല്ലേറ് ; ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. തലസ്ഥാനത്ത് തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തെക്കന്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം ഒന്‍പത് പേരാണ് പൊലീസിന്റെ കരുതല്‍ തടങ്കലിലുള്ളത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയുണ്ടായി. അതേസമയം ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നായിരുന്നു രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കണം എന്ന നിര്‍ദേശവും നല്‍കിയിരുന്നു.