നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം

ഫേസ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവോ എന്ന സംശയത്തിന് അവസാനം ഉണ്ടാക്കുവാന്‍ ഫേസ്ബുക്ക് രംഗത്ത്. കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റ അനലൈസിംഗ് കമ്പനി ഇന്ത്യയിലെ 5.6 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ എട്ടരക്കോടി ആളുകളുടെ വിവരങ്ങള്‍ ലോകത്താകമാനം ചോര്‍ത്തിയതായും പറയപ്പെടുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫെയ്സുബുക്ക് ഉപയോക്താക്കളെല്ലാം ആശങ്കയിലാണ്. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് എല്ലാവരും. ഈ സംശയവും ആശങ്കയും ദുരീകരിക്കാന്‍ വഴി ഒരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്.

വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുള്ളവര്‍ക്ക് അവരവുടെ ന്യൂസ് ഫീഡിലേക്ക് ഇന്ന് മുതല്‍ വിശദമായ സന്ദേശം ലഭിക്കും. കൂടാതെ പ്രൊട്ടക്ടിംഗ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന തലക്കെട്ടില്‍ ഒരു നോട്ടീസും ഒരു ലിങ്കും ലഭിക്കും. ഈ ലിങ്കിലൂടെ നിങ്ങള്‍ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, എന്തൊക്കെ വിവരങ്ങള്‍ ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്, അവ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഫെയ്സ്ബുക്ക് അതിന്റെ ചരിത്ത്രതിലെ ഏറ്റവും സുരക്ഷാ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്‍ചോര്‍ത്തിയ സംഭവം പുറത്താവുകയും വന്‍വിവാദത്തിന് തിരികൊളുത്തുകയും ചെയ്തതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് ഫെയ്സ്ബുക്ക്.