കേളി കലാമേള രജിസ്‌ടേഷന്‍ ഏപ്രില്‍ 15ന് അവസാനിയ്ക്കും

ജേക്കബ് മാളിയേക്കല്‍

സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേളി വര്‍ഷം തോറും അണിയിച്ചൊരുക്കുന്ന യുവജനോത്സവം കലാമേള മെയ് 19 ,20 തീയ്യതികളില്‍ സൂറിച്ചില്‍ അരങ്ങേറും. കലാമേളയിലെ വിവിധ മത്സരങ്ങള്‍ക്ക് പേര് രെജിസ്റ്റര്‍ ചെയ്യേണ്ടവര്‍ ഏപ്രില്‍ 15 ന് മുമ്പായി രെജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വീനര്‍ ബിന്ദു മഞ്ഞളി അറിയിച്ചു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി മുന്നൂറോളം കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന മത്സരവേദി ആണ് കേളി കലാമേള. മുന്നോറോളം മത്സരാര്‍ത്ഥികള്‍, മൂന്ന് സ്റ്റേജുകള്‍, മുപ്പതോളം വിധികര്‍ത്താക്കള്‍, ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാന്‍ മാത്രം അമ്പതോളം പ്രവര്‍ത്തകര്‍. രണ്ട് ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യൂറോപ്യന്‍ യുവജനോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

നൃത്തനൃത്ത്യേതര മത്സരങ്ങള്‍ക്ക് പുറമെ ഫോട്ടോഗ്രാഫിയും, ഓപ്പണ്‍ പെയിന്റിങ്ങും, ഷോര്‍ട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യന്‍ എംബസ്സി, സൂര്യ ഇന്ത്യ എന്നിവരുടെ പിന്തുണയോടെയും സഹകരത്തോടെയുമാണ് കേളി കലാമേള സ്വിറ്റ്സര്‍ലണ്ടിന്റെ ചത്വരത്തില്‍ അരങ്ങേറുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ക്ക് പുറമെ ഏറ്റവും നല്ല പെര്‍ഫോമര്‍ക്ക് ഫാ.ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡും നല്‍കുന്നതാണ്. ജേതാക്കള്‍ക്ക് എല്ലാവര്‍ക്കും കേളി ട്രോഫിയും സെര്‍ട്ടിഫിക്കേറ്റും നല്‍കി ആദരിക്കും.

രെജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രം. www.kalamela.com എന്ന വെബ്സൈറ്റിലൂടെ രെജിസ്‌ട്രേഷന്‍ ചെയ്യണം. ഏപ്രില്‍ 15 വരെയേ രെജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.