കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തി മെഹുലി ഘോഷ് വെള്ളിയും സീനിയര്‍ താരം അപൂര്‍വി ചന്ദേല വെങ്കലവും നേടി. അവസാനം വരെ പോരാടി ഒടുവില്‍ ഷൂട്ട് ഓഫിലാണ് പതിനേഴുകാരിയായ മെഹുലിക്ക് സ്വര്‍ണം നഷ്ടപ്പെട്ടത്. സിംഗപ്പൂരിന്റെ മാര്‍ട്ടിന വെലോസോയ്ക്കാണ് സ്വര്‍ണം.
മെഹുലി 247. 2 പോയിന്റും അപൂര്‍വി 225.3 പോയിന്റും നേടി. ഈ വര്‍ഷമാദ്യം മെക്‌സിക്കോയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹുലി വെങ്കലം നേടിയിരുന്നു. ജപ്പാനില്‍ നടന്ന യൂത്ത് ഒളിമ്പിക് ഗെയിംസില്‍ സ്വര്‍ണം നേടി പതിനേഴുകാരി യൂത്ത് ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു. പുരുഷന്‍മാരുടെ 105 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങിന്റെ വെള്ളിയോടെയാണ് ഇന്ത്യ അഞ്ചാം ദിനം മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്.