മലയാളികളുടെ ആഗ്രഹം നടക്കില്ല ; ഐ പി എല്‍ ചെന്നൈയില്‍ തന്നെ നടക്കും
കാവേരി വിഷയം കാരണം ചെന്നൈ സുപ്പര്‍ കിങ്ങ്സിന്റെ മത്സരവേദി കേരളത്തിലേയ്ക്ക് മാറ്റില്ല. മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും. ഷെഡ്യൂള്‍ പ്രകാരം മത്സരങ്ങള്‍ ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുമെന്നും രാഷ്ട്രീയ വിവാദങ്ങള്‍ ഐ.പി.എല്ലിലേക്ക് വലിച്ചിഴക്കരുതെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. മത്സരത്തിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രാജീവ് ശുക്ല പറഞ്ഞു. നേരത്തെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബി.സി.സി.ഐ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ ആദ്യ മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസവേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.