കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍ക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ; കാലിചന്തകള്‍ തിരിച്ചു വരുന്നു

ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച കന്നുകാലി കശാപ്പ് നിയന്ത്രണ നിയമം പിന്‍വലിച്ചു കേന്ദ്രസര്‍ക്കാര്‍. കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മെയ് 23-ന് ഇറക്കിയ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്. അതേസമയം ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ വില്‍ക്കരുതെന്ന ചട്ടം വിജ്ഞാപനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

കാലികളെ അറവിനായിട്ടല്ല വില്‍ക്കുന്നതെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും എടുത്ത്കളഞ്ഞു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ തയ്യാറാത്.