പാറ്റൂര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവുമായി ലോകായുക്ത

തിരുവനന്തപുരം : പാറ്റൂര്‍ ഭുമി ഇടപാട് കേസില്‍ സുപ്രധാനമായ ഉത്തരവുമായി ലോകായുക്ത. പാറ്റൂര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. വിവാദമായ ഫ്‌ലാറ്റ് ഉള്‍പ്പെട്ട 4.36 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ലോകായുക്തയ്ക്ക് സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ നടപടി.

അതേസമയം ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പ്രതികരിച്ചു. പാറ്റൂരില്‍ ജലഅതോറിറ്റിയുടെ മലിനജലക്കുഴല്‍ മാറ്റിയിട്ടതിലൂടെ സ്വകാര്യ ഫ്‌ലാറ്റ്നിര്‍മാണ കമ്പനിക്ക് 12.75 സെന്റ് ഭൂമി അന്യായമായി ലഭിച്ചെന്നതാണ് വിവാദമായ കേസ്. ഫെബ്രുവരി ഒന്‍പതിന് പാറ്റൂര്‍ കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇകെ ഭരത് ഭൂഷണ്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ജലഅതോറിറ്റി മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ആര്‍ സോമശേഖരന്‍, എസ് മധു, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്‍ടെക് ഉടമ ടിഎസ് അശോക് എന്നിവരായിരുന്നു കേസിലെ ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.