താജ്മഹലിന് അവകാശവാദം ഉന്നയിച്ചവരെ ട്രോളി സുപ്രീം കോടതി ; ഷാജഹാന്റെ ഒപ്പുമായി വന്നാല്‍ വിട്ടുതരാം എന്ന് ഉറപ്പ്
ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായുള്ള താജ്മഹലിന്റെ അവകാശ തര്‍ക്കത്തിനിടെയാണ് വഖഫ് ബോര്‍ഡിനോട് കോടതി ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്മഹലിന്റെ അവകാശം തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ബോര്‍ഡിനോട് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010-ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയിൽ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്‌നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.