നാണം കെട്ടു വീണ്ടും രാജ്യം ; മരിക്കുന്നതിന് മുന്‍പ് ആ എട്ടുവയസുകാരി അനുഭവിച്ചത് സമാനതകള്‍ ഇല്ലാത്ത ക്രൂരത ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
ലോകത്തിനു മുന്‍പില്‍ രാജ്യത്തിനെ വീണ്ടും നാണം കെടുത്തി മറ്റൊരു ക്രൂരമായ പീഡനവാര്‍ത്ത കൂടി. വെറും എട്ടുവയസുള്ള പെണ്‍കുട്ടിയെ മൃഗീയമായി അല്ല ആ വാക്കിനും പരിമിതികള്‍ ഉണ്ട്. കാരണം മൃഗങ്ങള്‍ പോലും ഇത്തരത്തില്‍ സഹജീവിയോട് പെരുമാറില്ല. കാരണം വെറും എട്ടു വയസുമാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെ തുടരെ ഒരാഴ്ച്ച ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. അവള്‍ ചെയ്ത കുറ്റം മുസ്ലീമായി ജനിച്ചു. സവര്‍ണ്ണ ബ്രാഹ്മണര്‍ക്ക് മുന്‍തൂക്കമുള്ള ഒരു സ്ഥലത്ത് വളര്‍ന്നു. മുസ്ലീങ്ങളെ തങ്ങളുടെ നാട്ടില്‍ നിന്നും ഓടിക്കാന്‍ ആ നാട്ടിലെ ക്ഷേത്രത്തിലെ പൂജാരിയും കൂട്ടരും ചെയ്തു നടത്തിയ ഗൂഢാലോചന അവള്‍ക്ക് സമ്മാനിച്ചത് രക്തം കട്ടിയായിപോകുന്ന ക്രൂരതകളുടെ ഘോഷയാത്ര.
കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗമായിരുന്നു അവളുടെ മേല്‍ ദിവസങ്ങളോളം. മരണം ഉറപ്പായപ്പോഴും തലയില്‍ കല്ലു കൊണ്ട് ഇടിക്കുവാന്‍ ഒരുങ്ങിയവനോട് ആ നരാധമന്‍ ഇങ്ങനെ പറഞ്ഞു “എനിക്ക് ഒരിക്കല്‍കൂടി അവളെ വേണം. അതിനുശേഷം കല്ലെടുത്ത് രണ്ട് വട്ടം തലയ്ക്കടിച്ച് ആ പെണ്‍കുട്ടിയെ കഠോരമായ ക്രൂരതയില്‍നിന്ന് ആ ചെകുത്താന്മാര്‍ അവളെ എന്നന്നേയ്ക്കുമായി മോചിപ്പിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ പോലീസ് കുറ്റപത്രം കഴിഞ്ഞ ദിവസം കത്തുവ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച സമയമാണ് കുട്ടി അനുഭവിച്ച ക്രൂരത ലോകം അറിയുന്നത്. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലാണ് കഴിഞ്ഞ ജനുവരിയില്‍ സംഭവങ്ങള്‍ അരങ്ങേറിയത്. ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ബക്കര്‍വാല്‍(ആട്ടിടയ) വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയും ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.
ബ്രാഹ്‌മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. കൂട്ടിന് പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു. സാഞ്ജിറാമിന്റെ മരുമകന്‍ തന്നെയാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിച്ച് ബലാത്സംഗത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ സംഭവം മണത്തറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കുകയായിരുന്നു. തുടര്‍ന്ന് സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പെ സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര കുട്ടിയെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്തെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.