ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; സി ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം, സി.ഐയും എസ്.ഐയുമടക്കം അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടിക്ക് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് സസ്‌പെന്റഷന്‍.അറസ്റ്റിലുള്ള പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രത്യേക സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ, ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ മൂന്ന് പൊലീസുകാരെ ചൊവ്വാഴ്ച വൈകുന്നേരം സസ്പെന്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ ഏഴായി. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഫ്തിയിലെത്തി ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് ചൊവ്വാഴ്ച സസ്പെന്റ് ചെയ്തത്.