ഇലക്ഷന്‍ വരുന്നു ; പെട്രോളിന് വില കൂട്ടരുത് എന്ന് കേന്ദ്രം
രാജ്യത്ത് തല്‍ക്കാലം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല. ഇലക്ഷന്‍ മുന്നില്‍ കണ്ടാണ് ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്. ഇലക്ഷന്‍ കഴിയുന്നത് വരെ ലിറ്ററിന് ഒരു രൂപ നഷ്ടം സഹിക്കണമെന്നാണ് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതോടെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച്പിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി) തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലായത്.
ജിഎസ്ടിയില്‍നിന്നുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനവില്ലാത്തതിനാല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.