കോമണ്‍വെല്‍ത്ത് ഗെയിംസ് ; രണ്ടു മലയാളി താരങ്ങളെ പുറത്താക്കി
ബാഗില്‍ സിറിഞ്ച് കണ്ടെത്തി എന്നതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. ഇന്ത്യന്‍ സംഘത്തിലെ മലയാളി താരങ്ങളായ കെടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെയാണ് ഗെയിംസില്‍ നിന്ന് പുറത്താക്കിയത്. രണ്ട് താരങ്ങളും ഗെയിംസ് വില്ലേജിലെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാകേഷ് ബാബു ട്രിപ്പിള്‍ ജമ്പിലും കെടി ഇര്‍ഫാന്‍ നടത്തത്തിലുമാണ് മത്സരിക്കേണ്ടിയിരുന്നത്. രാകേഷ് ബാബു നാളെ നടക്കാനിരുന്ന ട്രിപ്പിള്‍ ജമ്പ് ഫൈനിലിലേയ്ക്ക് യോഗ്യത നേടിയിരുന്നു. നടത്തത്തില്‍ കെടി ഇര്‍ഫാന്റെ മത്സരം പൂര്‍ത്തിയായിരുന്നു. ഇരുവര്‍ക്കും ഇത്തവണ മത്സരിക്കാനാകില്ല.
ഇവരുടെ ബാഗില്‍ നിന്ന് സിറിഞ്ചും മുറിക്ക് പുറത്ത് നിന്ന് സൂചിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഇരുവരുടെയും രക്ത മൂത്ര സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്ന് ഇരുവരും ഉത്തേജക മരുന്നുകളൊന്നും ഉപയോഗിച്ചിട്ടില്ല എന്നു കണ്ടെത്തിയിട്ടുണ്ട്. താരങ്ങളെ പുറത്താക്കാന്‍ അധികൃതര്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ അസേസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനഞ്ചാം സ്വര്‍ണം നേടി ഇന്ത്യ മെഡല്‍ കൊയ്ത്ത് നടത്തുന്നതിനിടെയാണ് ഇത്തരത്തില്‍ നടപടികള്‍ ഉണ്ടായിരിക്കുന്നത്.