എട്ടുവയസുകാരിയുടെ പീഡനം ; അവസാനം പ്രധാനമന്ത്രി പ്രതികരിച്ചു
ന്യൂഡല്‍ഹി : കഠുവയില്‍ എട്ട് വയസ്സുകാരി കൂട്ടബലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൌനം വെടിഞ്ഞു പ്രധാനമന്ത്രി. സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്നും കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിക്കും കുടുംബത്തിനും അര്‍ഹമായ നീതി ലഭിക്കും. കഠുവ, ഉന്നാവ് സംഭവങ്ങളില്‍ കുറ്റക്കാര്‍ രക്ഷപ്പെടില്ല എന്ന ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാന്‍ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്ന വേളയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
അതേസമയം ആ വേളയിലും കൊണ്ഗ്രസിനെ പ്രതിക്കൂട്ടില്‍ ആക്കുവനാണ് മോദി കൂടുതല്‍ സമയം കണ്ടെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് അംബേദ്കര്‍ എന്ന നാമം തന്നെ എടുത്തുകളായാനാണ് കോണ്‍ഗ്രസ് അവരുടെ ശക്തിയെല്ലാം ഉപയോഗിച്ചത്. എന്നാല്‍, ദളിത് വിഭാഗത്തിന് വേണ്ടി നിയമങ്ങള്‍ ശക്തമാക്കാനാണ് എന്‍.ഡി.എ ശ്രമിച്ചത്. ഈ നിമിഷം വരെയുള്ള കണക്കെടുത്താല്‍ ദളിതര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത് എന്നകാര്യം വ്യക്തമാകുമെന്നും മോദി പറഞ്ഞു. നേരത്തെ കഠുവ വിഷയത്തില്‍ മോദി വാ തുറക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.